‘മറ്റാരെങ്കിലും സൈബർ ആക്രമണം നടത്തിയാൽ അബ്ദുല്ല ബാസിൽ എങ്ങനെ പ്രതിയാകും?’- ജിന്റോ ജോൺ
കൊച്ചി: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. അപർണയുടെ പരാതിയിൽ അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് അംഗീകരിക്കാനാകില്ലെന്നും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നും ജിന്റോ ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ അപർണ കുറുപ്പ് നടത്തിയത് ഇസ്ലാമോഫോബിക് പരാമർശങ്ങളാണെന്ന് ആരോപിച്ച് ബാസിൽ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ സൈബർ ആക്രമണവും വധഭീഷണിയും ഉണ്ടായെന്ന് കാട്ടിയാണ് അപർണ പൊലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഐ.ടി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
തന്റെ അഭിപ്രായം പറയാൻ ചർച്ചയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിൽ കവിഞ്ഞ് എന്ത് വ്യക്ത്യാധിക്ഷേപമാണ് ബാസിൽ നടത്തിയതെന്ന് ജിന്റോ ജോൺ ചോദിച്ചു. മറ്റാരെങ്കിലും സൈബർ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ അതിൽ ബാസിൽ എങ്ങനെ പ്രതിയാകും? സൈബർ അധിക്ഷേപം നടത്തുന്ന മനോരോഗികൾക്കെതിരെയാണ് ശക്തമായ നടപടി ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചാനൽ ചർച്ചയിൽ അപർണ കുറുപ്പ് നടത്തിയ പരാമർശങ്ങൾ തെറ്റായിരുന്നുവെന്നും അതിൽ അവർ ഖേദം പ്രകടിപ്പിച്ചത് സ്വാഗതാർഹമാണെന്നും ജിന്റോ വ്യക്തമാക്കി. എന്നാൽ, ഇതിന് ശേഷം അപർണ സ്വയം വിക്ടിമൈസ് ചെയ്യുന്നത് ജനാധിപത്യപരമല്ല. അപർണയ്ക്കെതിരായ വ്യക്ത്യാധിക്ഷേപം തെറ്റാണെന്ന പോലെ തന്നെ ബാസിലിനെതിരെ കള്ളക്കേസെടുത്തതും ന്യായീകരിക്കാൻ കഴിയില്ലെന്ന് ജിന്റോ ജോൺ അഭിപ്രായപ്പെട്ടു.