15/06/2026
[fontresizer_tawhidurrahmandear_widget]

‘ചെരിപ്പിടാതെ തെരുവിലൂടെ നടത്തി മാപ്പ് പറയിച്ചു’; ബംഗാളിൽ മുൻ എം.എൽ.എ ജഹാംഗീർ ഖാനെ പരസ്യമായി അപമാനിച്ച് പോലീസ്

 ‘ചെരിപ്പിടാതെ തെരുവിലൂടെ നടത്തി മാപ്പ് പറയിച്ചു’; ബംഗാളിൽ മുൻ എം.എൽ.എ ജഹാംഗീർ ഖാനെ പരസ്യമായി അപമാനിച്ച് പോലീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽറ്റയിൽ കൊലപാതകം, പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജഹാംഗീർ ഖാനെ പൊലീസ് പരസ്യമായി തെരുവിലൂടെ നടത്തിച്ച് അപമാനിച്ച സംഭവം വലിയ വിവാദമാകുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ പാനിടാങ്കിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഡയമണ്ട് ഹാർബർ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട ഇയാളെ, കുറ്റകൃത്യങ്ങൾ പുനരാവിഷ്‌കരിക്കാനും തട്ടിയെടുത്ത പണം ഒളിപ്പിച്ച സ്ഥലങ്ങൾ കണ്ടെത്താനുമെന്ന പേരിൽ ഫാൽറ്റ, സഹാറർഹട്ട് എന്നീ പ്രദേശങ്ങളിലെ തെരുവുകളിലൂടെ പൊലീസ് പരസ്യമായി നടത്തിക്കുകയായിരുന്നു. വെള്ള ടി-ഷർട്ടും ബർമുഡയും ധരിച്ച് നഗ്നപാദനായാണ് ഇയാളെ കനത്ത സുരക്ഷയിൽ തെരുവിലൂടെ കൊണ്ടുപോയത്.

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് ജഹാംഗീർ ഖാനെക്കൊണ്ട് പരസ്യമായി ഏത്തമിടുവിക്കുകയും മറ്റ് അപമാനകരമായ ശിക്ഷാ നടപടികൾ ചെയ്യിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കൂടാതെ ഇയാളെക്കൊണ്ട് പ്രദേശത്തെ ഹിന്ദുക്കളോട് നിർബന്ധിപ്പിച്ച് പരസ്യമായി മാപ്പ് പറയിപ്പിച്ചതായും സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയരുന്നുണ്ട്.

കുറ്റാരോപിതരായ വ്യക്തികളെ തെരുവിലൂടെ പരസ്യമായി നടത്തിക്കുന്നതിനെതിരെയും അവരെ അപമാനിക്കുന്നതിനെതിരെയും കൊൽക്കത്ത ഹൈക്കോടതി അടുത്തിടെ പൊലീസിന് കർശന താക്കീത് നൽകിയിരുന്നു. കോടതിയുടെ ഈ വിധി നിലനിൽക്കെയാണ് മുൻ തൃണമൂൽ സ്ഥാനാർത്ഥി കൂടിയായ നേതാവിനെ പൊലീസ് വീണ്ടും സമാനമായ രീതിയിൽ പരസ്യ വിചാരണയ്ക്ക് ഇരയാക്കിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ ഉൾപ്പെടെ ഏഴോളം ഗുരുതര കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നിയമപരമായ അന്വേഷണം തുടരുമ്പോഴും, ഇത്തരം പരസ്യ ശിക്ഷാ നടപടികൾ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന രീതിയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Also read: