‘ഇന്ത്യൻ നാവികർ നായകളാണോ, അതോ പുഴുക്കളോ? നമ്മൾ മിണ്ടാതിരുന്നതുകൊണ്ട് അവർ നമ്മുടെ നാവികരെ കൊന്നു’: മുൻ മേജർ ജനറൽ ജി.ഡി ബക്ഷി
മുംബൈ: ഒമാൻ ഉൾക്കടലിലെ കപ്പലുകളെ യു.എസ് ആക്രമിക്കുകയും മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് മുൻ സൈനിക ഉദ്യോഗസ്ഥൻ മേജർ ജനറൽ (റിട്ട) ജി.ഡി ബക്ഷി രംഗത്ത്. മുമ്പ് ഇറാനിലെ മിനാബ് സ്‌കൂളിൽ ആക്രമണം നടന്നപ്പോൾ നമ്മൾ മിണ്ടാതിരുന്നതുകൊണ്ട് യു.എസ് ഇപ്പോൾ നമ്മുടെ മൂന്ന് നാവികരെ കൊലപ്പെടുത്തിയെന്ന് ജി.ഡി. ബക്ഷി അഭിപ്രായപ്പെട്ടു. വൺ ഇന്ത്യ ഹിന്ദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“മിനാബ് സ്കൂളിൽ ബോംബാക്രമണം നടന്നപ്പോൾ നമ്മൾ ഒന്നും മിണ്ടാതിരുന്നതുകൊണ്ട് ഇന്ന് നമ്മുടെ മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടു. നമ്മുടെ മൂന്ന് നാവികരെ അവർ കൊലപ്പെടുത്തി. എന്നാൽ അവർ ഖേദം പ്രകടിപ്പിച്ചിട്ടില്ല. മാപ്പ് പറഞ്ഞിട്ടില്ല. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.” മുൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇന്ത്യയിലെ ജനങ്ങളെ തെരുവിലെ നായകളെ പോലെ ആണോ കാണുന്നത്. അല്ലെങ്കിൽ ഓടയിലെ പുഴുക്കളെപ്പോലെയാണോ കാണുന്നത്.” അദ്ദേഹം ചോദിച്ചു.
ഇതിന് മുമ്പും നാവികരെ യു.എസ് കൊലപ്പെടുത്തിയതിൽ ബക്ഷി പ്രതിഷേധമറിയിയിച്ചിരുന്നു. സമൂഹമാധ്യമായ എക്‌സിലൂടെയായിരുന്നു അദ്ദേഹം പ്രതിഷേധം അറിയിച്ചത്. ഇതിന് പുറമെ ഇറാനിലെ മിനാബിലെ സ്‌കൂളിൽ യു.എസ് ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളെ അനുസ്‌മരിക്കുന്നതിനായി മുംബൈയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. യു.എസിനോട് സൗഹാർദ സമീപനം തുടരുന്നതുകൊണ്ടാണ് ഇന്ത്യക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നതെന്ന് ആക്രമണത്തെക്കുറിച്ച് എക്സ‌് പോസ്റ്റിൽ ബക്ഷി അഭിപ്രായപ്പെട്ടിരുന്നു.
‘ഇന്ത്യൻ ലൈവ്സ് മാറ്റർ’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ് ആരംഭിക്കുന്നത്. ജി സെവൻ യോഗത്തിൽ ഇന്ത്യൻ നാവികരുടെ മരണം വിഷയമാവാതെ പോവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “മൂന്ന് ഇന്ത്യൻ കപ്പലുകളെയാണ് യു.എസ് ആക്രമിച്ചത്. മൂന്ന് നിരപരാധികളായ നിരായുധരായ ഇന്ത്യക്കാർ കൊല്ലപ്പെട്ടു. വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് കപ്പൽ ചലിക്കുന്നില്ലെന്നായിരുന്നു. കപ്പലും യു.എസ് നാവിക സേനയുമായി ഒരു ആശയ വിനിമയവും നടന്നിരുന്നില്ല.” അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇറാനിലെ എണ്ണയിൽ 90 ശതമാനവും പോകുന്നത് ചൈനയിലേക്കാണ്. നൂറിലധികം ചൈനീസ് കപ്പലുകൾ ഉപരോധം ലംഘിച്ചിട്ടുണ്ട്. പക്ഷേ ഒരു ചൈനീസ് കപ്പലിനേയോ റഷ്യൻ കപ്പലിനെയോ യു.എസ് ആക്രമിച്ചിട്ടില്ല. യു.എസിനോട് സൗഹൃദത്തോടെ പോകുന്നതുകൊണ്ടാണ് അവർ കപ്പലിനെ ആക്രമിച്ച് നമ്മുടെ നാവികരെ കൊന്നുകൊണ്ട് അവർ പ്രതികരിച്ചത്. കിസ്സിങർ (യു.എസ് മുൻ നയതന്ത്രജ്ഞൻ) ശരിയായി പറഞ്ഞിട്ടുണ്ട് യു.എസിന്റെ ശത്രുവാകുന്നത് അപകടമാണെങ്കിൽ സുഹൃത്താവുന്നത് വലിയ ആപത്തിലേക്ക് നയിക്കുമെന്ന്. അവരുടെ (നാവികരുടെ) മരണങ്ങൾ യൂറോപ്പിൽ നടക്കുന്ന ജി സെവൻ യോഗത്തിൽ ഉയർന്നു വരരുതെന്ന് അവർ കരുതുന്നു. ആ വിഷയത്തെ അവഗണിക്കുകയാവും അവർ ചെയ്യുക. ചിലപ്പോൾ ചടങ്ങിന് വേണ്ടി പ്രതിഷേധം രേഖപ്പെടുത്തിയേക്കാം എന്ന് മാത്രം.” മുൻ സൈനിക ഉദ്യോഗസ്ഥൻ കുറിച്ചു.