14/06/2026
[fontresizer_tawhidurrahmandear_widget]

‘യുഎസിന്റെ അനുസരണയുള്ള വേലക്കാരൻ’; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

 ‘യുഎസിന്റെ അനുസരണയുള്ള വേലക്കാരൻ’; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹോർമുസിലെ യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സംഭവത്തിനു ശേഷം യുഎസ് പുറപ്പെടുവിപ്പിച്ച പ്രസ്താവനയിലും മോദി മൗനം പാലിക്കുന്നതിലൂടെ അനുസരണയുള്ള വേലക്കാരനെപ്പോലെ പെരുമാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒമാൻ തീരത്ത് വെച്ച് യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അമേരിക്കയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഖേദപ്രകടനമോ മാപ്പ് പറയലോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം പരമാധികാരമുള്ള ഭാരതത്തിന് മേൽ കൽപ്പനകൾ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധങ്ങൾ ഇന്ത്യൻ വാണിജ്യ കപ്പലുകൾ കർശനമായി പാലിക്കണമെന്നും ഇതിൽ വീഴ്ചകൾ അനുവദിക്കില്ലെന്നുമാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ അറിയിച്ചത്. എന്നാൽ സ്വന്തം രാജ്യത്തിന്റെ അന്തസ്സും പൗരന്മാരുടെ ജീവനും സംരക്ഷിക്കാൻ കഴിയാത്തവിധം ദുർബലനായ പ്രധാനമന്ത്രി ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിദേശരാജ്യങ്ങൾ നമ്മുടെ പൗരന്മാരെ കൊന്നൊടുക്കുമ്പോൾ കേന്ദ്ര സർക്കാർ അത് നിശബ്ദമായി അനുസരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, മരിച്ച നാവികരുടെ മൃതദേഹങ്ങൾ എത്രയും വേഗം എല്ലാ ആദരവുകളോടെയും നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള യുഎസ് നാവികസേനയുടെ ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം ഔദ്യോഗികമായി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Also read: