11/06/2026
[fontresizer_tawhidurrahmandear_widget]

യുഎസ് ആക്രമിച്ച കപ്പലിലെ മൂന്ന് ഇന്ത്യക്കാരെ കാണാനില്ല; പ്രതിഷേധമറിയിച്ച് ഇന്ത്യ

 യുഎസ് ആക്രമിച്ച കപ്പലിലെ മൂന്ന് ഇന്ത്യക്കാരെ കാണാനില്ല; പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ഒമാൻ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തിൽ തീപിടിച്ച ഇന്ത്യ കപ്പലിലെ മൂന്ന് ജീവനക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം ഔദ്യോഗികമായി അറിയിച്ചു. ജൂൺ 8നാണ് ഒമാൻ തുറമുഖമായ സോഹാറിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയുള്ള കപ്പൽ ആക്രമിച്ചത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് ഇറാനിലേക്ക് കടക്കാൻ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാന്റ് ഈ ആക്രമണം നടത്തിയത്. കപ്പലിന്റെ എൻജിൻ റൂമിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടാവുകയും കപ്പലിലെ 21 ജീവനക്കാരെ ഒമാൻ വ്യോമസേന രക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ നേരത്തെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റി എന്ന രൂപത്തിൽ വാർത്ത പുറത്തുവന്നിരുന്നു.

തങ്ങൾ ആക്രമിച്ചത് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കപ്പലാണ് എന്നായിരുന്നു യുഎസ് സൈന്യത്തിന്റെ വാദം. എന്നാൽ സാധാരണ വാണിജ്യ കപ്പലിനെയാണ് അമേരിക്ക ആക്രമിച്ചതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി നാഗരാജ് നായിഡു യുഎസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജെയ്‌സൺ മിക്‌സിനെ അടിയന്തിരമായി വിളിച്ചുവരുത്തി വിയോജിപ്പ് അറിയിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണ് അന്താരാഷ്ട്ര ജലപാതകളിലെ ഈ ആക്രമണങ്ങളെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലൂടെ അടിയന്തിരമായി യുദ്ധം അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ചരക്കുകപ്പലുകളുടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഒമാനിലെ ഇന്ത്യൻ എംബസി അവിടുത്തെ പ്രാദേശിക അധികൃതരുമായി ചേർന്ന് കാണാതായ ഇന്ത്യൻ നാവികർക്കായുള്ള രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരികയാണ്.

Also read: