‘എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യ’; വധശ്രമക്കേസിൽ 33 വർഷത്തിനു ശേഷം വിധി, കൂട്ടുപ്രതികളെല്ലാം മരിച്ചു; 84-കാരനായ വയോധികന് ജയിൽ ശിക്ഷ
പട്ന: ബിഹാറിലെ വൈശാലി ജില്ലയിൽ 1992-ൽ നടന്ന ഒരു വധശ്രമക്കേസിൽ 84-കാരനായ ദീപ് റായിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചു. നീണ്ട 33 വർഷത്തെ നിയമപോരാട്ടങ്ങൾക്കും വിചാരണകൾക്കും ഒടുവിലാണ് ഈ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായിരുന്ന നാല് പേർ വിചാരണ കാലയളവിനിടെ മരണപ്പെട്ടിരുന്നു. ഇതോടെ കേസിൽ ജീവിച്ചിരിക്കുന്ന ഏക പ്രതിയായി ദീപ് റായ് മാറുകയും സാക്ഷികളെ വിസ്തരിച്ച ശേഷം കോടതി ഇയാൾക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു.
അയൽക്കാർ തമ്മിൽ ഒരു വഴിത്തർക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് പിന്നീട് വലിയ സംഘർഷത്തിലും വധശ്രമത്തിലും കലാശിച്ചത്. ദീപ് റായിയും ബന്ധുക്കളും ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നും, വഴിയിൽ പൊട്ടിയ ചില്ലുകൾ വിതറി വലിയ സംഘർഷത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇവർക്കെതിരെ അന്ന് കേസെടുത്തത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് ഈ കേസിൽ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വലിയ പ്രതിസന്ധിയുടെയും കാലതാമസത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമായി ഈ കേസ് മാറിയിരിക്കുകയാണ്. രാജ്യത്തെ വിവിധ കോടതികളിലായി നിലവിൽ അഞ്ച് കോടിയിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ മിക്ക കേസുകളിലെയും വിചാരണ പൂർത്തിയാകാൻ മൂന്ന് വർഷത്തിലധികം സമയമെടുക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
33 വർഷത്തിന് ശേഷം വന്ന ഈ കോടതി വിധിക്ക് പിന്നാലെ, വൈകി ലഭിക്കുന്ന നീതിയെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. ഇതിന് പുറമെ പ്രതിയുടെ നിലവിലെ ശാരീരിക അവസ്ഥയും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. 84-കാരനായ ദീപ് റായിയുടെ ആരോഗ്യനില ഇപ്പോൾ വളരെ മോശമായ അവസ്ഥയിലാണ് ഉള്ളത്. ശരിയായ രീതിയിൽ നടക്കാനോ ഒന്ന് എഴുന്നേറ്റ് നിൽക്കാനോ പോലും കഴിയാത്ത ഈ വയോധികൻ ഈയൊരു അവസ്ഥയിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നതിൽ സോഷ്യൽ മീഡിയയിലും മറ്റും നിരവധി പേർ ശക്തമായ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇത്രയും കാലതാമസം ഒഴിവാക്കാൻ നീതിന്യായ വ്യവസ്ഥയിൽ കൂടുതൽ മാറ്റങ്ങളും കൃത്യമായ ഉത്തരവാദിത്തവും കൊണ്ടുവരണമെന്ന ആവശ്യവും ഇതോടൊപ്പം കൂടുതൽ ശക്തമാകുകയാണ്.