കാനറികളുടെ ചിറകരിയുമോ സാമുറായ് വാൾ? പഴയ കണക്കുതീർക്കാൻ ബ്രസീൽ; ലോകകപ്പ് നോക്കൗട്ടിൽ ബ്രസീലിന് ഇന്ന് ജപ്പാൻ കടമ്പ
ഹൂസ്റ്റൺ: ലോകകപ്പ് കിരീടം തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ബ്രസീലിന് നോക്കൗട്ട് സ്റ്റേജിലെ ആദ്യ പോരാട്ടത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ജപ്പാൻ എതിരാളികൾ. റൗണ്ട് ഓഫ് 32-ൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30-ന് ഹൂസ്റ്റണിലാണ് ഈ നിർണായക മത്സരം അരങ്ങേറുന്നത്.
ഗ്രൂപ്പ് സിയിൽ രണ്ട് വിജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുൻകാലങ്ങളിലെ ബ്രസീൽ ടീമുകളെപ്പോലെ പൂർണ്ണ അജയ്യരല്ലെങ്കിലും, വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിരയും പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളും ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. വ്യക്തിഗത മികവിനെ മാത്രം ആശ്രയിക്കാതെ പ്രതിരോധവും മധ്യനിരയും മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നത് ടീമെന്ന നിലയിൽ ബ്രസീലിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.
മറുഭാഗത്ത്, ഫുട്ബോൾ ലോകത്തെ വമ്പന്മാരെ ഞെട്ടിച്ചുകൊണ്ടാണ് ജപ്പാൻ്റെ വരവ്. നെതർലൻഡ്സും സ്വീഡനും അടങ്ങിയ ‘മരണഗ്രൂപ്പിൽ’ നിന്നും തോൽവിയറിയാതെയാണ് സമുറായ് പട റൗണ്ട് ഓഫ് 32-ൽ എത്തിയത്. പരിശീലകൻ ഹാജിമെ മൊറിയാസുവിൻ്റെ കീഴിൽ വേഗമേറിയ നീക്കങ്ങളും എതിരാളികൾക്ക് ഒരിഞ്ചുപോലും ഇടം നൽകാത്ത പ്രെസ്സിങ് ഗെയിമുമാണ് ജപ്പാന്റെ പ്രധാന ആയുധം. മൈതാനത്തെ ജപ്പാന്റെ ഈ വേഗതയെ ആഞ്ചലോട്ടിയുടെ സംഘം എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.
കഴിഞ്ഞ ഒക്ടോബറിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ബ്രസീലിനെ 3-2 ന് അട്ടിമറിക്കാൻ കഴിഞ്ഞത് ജപ്പാന്റെ ആത്മവിശ്വാസം വാനോളമുയർത്തുന്നുണ്ട്. ഈ വിജയത്തിന്റെ ആവർത്തനത്തിലൂടെ വീണ്ടുമൊരു അട്ടിമറിയാണ് ജപ്പാൻ ലക്ഷ്യമിടുന്നത്. എന്നാൽ ലോകകപ്പ് നോക്കൗട്ട് പോലൊരു വലിയ വേദിയിലെ സമ്മർദ്ദവും ബ്രസീലിന്റെ വൻകരകളിലെ അനുഭവസമ്പത്തും ജപ്പാന് വലിയ വെല്ലുവിളിയാകും.
വിനീഷ്യസ് ജൂനിയറിൻ്റെ മിന്നൽവേഗതയും ജപ്പാന്റെ അച്ചടക്കമുള്ള പോരാട്ടവീര്യവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഹൂസ്റ്റണിലെ പുൽമൈതാനത്ത് ഫുട്ബോൾ ആരാധകർക്ക് മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.