07/09/2026
[fontresizer_tawhidurrahmandear_widget]

രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ ഫ്ലക്‌സ്‌ വെച്ചത്‌ ഡിഎംകെ; പ്രവർത്തകരുടെ വികാരം അറിയിക്കാനെന്ന് വിശദീകരണം

 രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ ഫ്ലക്‌സ്‌ വെച്ചത്‌ ഡിഎംകെ; പ്രവർത്തകരുടെ വികാരം അറിയിക്കാനെന്ന് വിശദീകരണം

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഡി.എം.കെ രംഗത്ത്. പാർട്ടി മുഖപത്രമായ ‘മുരസൊലി’യിലൂടെയാണ് ഡി.എം.കെ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ വികാരം എന്താണെന്ന് തുറന്നുകാണിക്കുന്നതിനാണ് ഇത്തരത്തിൽ ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് മുഖപത്രത്തിൽ നൽകിയിട്ടുള്ള വിശദീകരണം.

ഇന്ത്യ മുന്നണിയുടെ നിർണായക യോഗം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഡൽഹിയിലെ വിവിധയിടങ്ങളിൽ ഈ ഫ്ലക്‌സുകൾ പ്രത്യക്ഷപ്പെട്ടത്. ശരദ് പവാർ, മമത ബാനർജി തുടങ്ങി ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ മുൻപ് ഉന്നയിച്ചിട്ടുള്ള വിമർശനങ്ങളാണ് ഫ്ലക്സുകളിൽ പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.

രാഹുൽ ഗാന്ധി ഒരു സ്ഥിരതയില്ലാത്ത നേതാവാണെന്നായിരുന്നു ഫ്ലക്സുകളിലെ ഏറ്റവും പ്രധാനപ്പെട്ട വിമർശനം. ഇതിനുപുറമെ, എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളോടു കൂടിയുള്ള വിമർശന ബോർഡുകളും ഡൽഹിയിൽ സ്ഥാപിച്ചിരുന്നു. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് ആദ്യം വ്യക്തമായിരുന്നില്ല.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ പരാജയപ്പെട്ടതിനെ തുടർന്ന് സഖ്യകക്ഷിയായ കോൺഗ്രസ് ടി.വി.കെ സർക്കാരിനൊപ്പം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡി.എം.കെ ഇന്ത്യ മുന്നണിയുമായി ഇടഞ്ഞത്. ഇതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ നിന്നും ഡി.എം.കെ പൂർണ്ണമായും വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

Also read: