‘സർക്കാർ ആശുപത്രികളിൽ ട്രാൻസ്ജെൻഡറുകൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കും’; നിർദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ, ജില്ലാ-ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഔദ്യോഗിക ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാവ് അമേയ നൽകിയ നിവേദനത്തെ തുടർന്നാണ് ഈ സുപ്രധാന നടപടി.
ആശുപത്രികളിൽ പ്രത്യേക വാർഡ് സജ്ജീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇവർക്കായി പ്രത്യേക മുറികളോ കിടക്കകളോ എങ്കിലും ഒരുക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ചികിത്സ തേടിയെത്തുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ സുരക്ഷിതത്വവും സ്വകാര്യതയും പൂർണ്ണമായും ഉറപ്പുവരുത്താനാണിത്. ഇതോടൊപ്പം, ഇവർക്കുള്ള കിടത്തിച്ചികിത്സയ്ക്കും മറ്റ് അനുബന്ധ ചികിത്സകൾക്കുമായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.