19/07/2026
[fontresizer_tawhidurrahmandear_widget]

‘കൊടിയും ബാനറും കെട്ടി ഭക്ഷണം നൽകരുത്’; ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

 ‘കൊടിയും ബാനറും കെട്ടി ഭക്ഷണം നൽകരുത്’; ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടിയും ബാനറും വെച്ച് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നും, സന്നദ്ധ സംഘടനകൾക്ക് ഭക്ഷണം നൽകണമെന്നുണ്ടെങ്കിൽ അത് കമ്മ്യൂണിറ്റി കിച്ചനുകൾ വഴി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ആശുപത്രികൾ കൊടി കെട്ടാനുള്ള സ്ഥലമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ നേരത്തെ ജി. സുധാകരൻ എം.എൽ.എ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ആശുപത്രികൾക്കുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ പാടില്ലെന്നും പുറത്ത് അതിനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് എം.എൽ.എ പിന്നീട് വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് ഉടൻ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്) നിലവിലെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, കഴിഞ്ഞ പത്ത് വർഷത്തെ എച്ച്.ഡി.എസ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ഓഡിറ്റ് നടത്തുമെന്നും അറിയിച്ചു. കൂടാതെ, ആശുപത്രി പരിസരങ്ങളിലെ സ്വകാര്യ ആംബുലൻസുകളുടെ അനധികൃത ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Also read: