02/06/2026
[fontresizer_tawhidurrahmandear_widget]

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല; സ്വര്‍ണം ഉരുക്കിയെടുത്തെന്ന് ലാബ് റിപ്പോര്‍ട്ട്

 ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല; സ്വര്‍ണം ഉരുക്കിയെടുത്തെന്ന് ലാബ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളി മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും അതിൽ പൂശിയിരുന്ന സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നുവെന്നും സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലോജിക്കൽ ലാബിൽ നടത്തിയ എട്ട് സാമ്പിളുകളുടെ രാസപരിശോധനാ ഫലമാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചത്. കട്ടിളപ്പാളി അവിടെത്തന്നെയുണ്ടെന്നും അതിൽ നിന്ന് സ്വർണ്ണം ഉരുക്കിയെടുക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) നടത്തിയ പ്രാഥമിക പരിശോധനയിൽ കട്ടിളപ്പാളിയിൽ നിന്നും ദ്വാരപാലക ശിൽപത്തിൽ നിന്നുമായി ഏകദേശം 1700 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ലാബിൽ നിന്ന് ലഭിച്ച പുതിയ ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണസംഘം കൊല്ലം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്ന മുറയ്ക്ക് എസ്ഐടി കോടതിയിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഹൈക്കോടതി നേരിട്ടാണ് എസ്ഐടിയെ നിയോഗിച്ചതെന്നും അതിനാൽ അന്വേഷണസംഘത്തെ മാറ്റാൻ സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ, നിയമപരമായ കാര്യങ്ങൾ കോടതിയെ ധരിപ്പിച്ച ശേഷമാകും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. കേസിൽ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്ന് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Also read: