03/06/2026
[fontresizer_tawhidurrahmandear_widget]

ഹൈക്കമാൻഡിന് മുന്നിൽ കേരളത്തിന്റെ ശബ്ദമായവർ; സതീശൻ യുഗത്തിനു വഴിതുറന്ന സുധീരനും മുരളിയും

 ഹൈക്കമാൻഡിന് മുന്നിൽ കേരളത്തിന്റെ ശബ്ദമായവർ; സതീശൻ യുഗത്തിനു വഴിതുറന്ന സുധീരനും മുരളിയും

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ നിർണായകമായത് അവസാന നിമിഷം മുതിർന്ന നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും നടത്തിയ ശക്തമായ ഇടപെടലുകൾ. സതീശന് അനുകൂലമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിളച്ചുകൊണ്ടിരിക്കുന്ന ജനവികാരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക് പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിൽ വഴിത്തിരിവായി.

താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. എന്നാൽ സതീശന് ലഭിച്ചതുപോലെ ഇത്ര വ്യാപകമായ ഒരു ജനപിന്തുണ മറ്റൊരു നേതാവിനും ലഭിച്ചതായി ഇതുവരെ കണ്ടിട്ടില്ലെന്നാണ് വി.എം സുധീരൻ ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തിയത്. മുതിർന്നവർ, സ്ത്രീകൾ, യുവാക്കൾ മുതൽ കുട്ടികൾ വരെ ഒരേ വികാരവായ്‌പ്പോടെയാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. വർഗീയ കക്ഷികളുമായി സന്ധിയില്ലാത്ത സതീശന്റെ നിലപാടും സാമുദായിക നേതാക്കളുടെ സമ്മർദത്തിന് വഴങ്ങാത്ത രീതിയും ജനങ്ങളുടെ അംഗീകാരത്തിനു കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ജനങ്ങൾക്കിടയിലുള്ള വികാരം രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തുന്നതിൽ കെ. മുരളീധരനും നിർണായക പങ്കുവഹിച്ചു. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും ജനങ്ങളുടെയും ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതിൽ മുരളീധരൻ പാലമായി പ്രവർത്തിച്ചു.

യു.ഡി.എഫിനെ തെരഞ്ഞെടുപ്പിൽ നയിച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശന് ലഭിച്ച വലിയ സ്വീകാര്യത ഹൈക്കമാൻഡിനെ അത്ഭുതപ്പെടുത്തിയിരുന്നു. എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണയ്ക്ക് പുറമെ, സുധീരനെയും മുരളീധരനെയും പോലുള്ള നേതാക്കൾ ജനവികാരം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഹൈക്കമാൻഡിന് തീരുമാനം എളുപ്പമാക്കി. എംഎൽഎമാർക്കു പുറമെ കേരളത്തിന്റെ തെരുവുകളിൽ കാണുന്നത് പിആറിലൂടെയോ കൃത്രിമമായ നിർമിതിയിലൂടെയോ സൃഷ്ടിച്ചെടുത്ത ജനവികാരമല്ലെന്ന് അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചു. പ്രത്യേകിച്ചും പുതുതലമുറയുടെ അഭിലാഷങ്ങൾ കൃത്യമായി വായിച്ചെടുക്കുന്നതിലും അവരുമായി കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിമുള്ള സതീശന്റെ മിടുക്ക് നേതാക്കളെ മാറിച്ചിന്തിപ്പിച്ച മറ്റൊരു ഘടകമായി.

ജനഹിതത്തിനു വിരുദ്ധമായൊരു തീരുമാനം വന്നാൽ, അത് സർക്കാരിനെയും മുന്നണിയെയും കോൺഗ്രസിന്റെ ഭാവിയെത്തന്നെയും എത്തരത്തിൽ പ്രതികൂലമായി ബാധിക്കുമെന്ന ചിത്രവും ഇരുനേതാക്കളും ഹൈക്കമാൻഡിനെ വിശ്വസിപ്പിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also read: