21/07/2026
[fontresizer_tawhidurrahmandear_widget]

‘മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല’ അലോഷ്യസിനെതിരെ വിമർശനവുമായി കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്

 ‘മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല’ അലോഷ്യസിനെതിരെ വിമർശനവുമായി കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലും സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയും പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് കൃഷ്ണലാൽ വ്യക്തമാക്കി. ഏതെങ്കിലും നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ എഴുതിയാൽ കേരള മുഖ്യമന്ത്രിയും സർക്കാരും വീഴില്ലെന്നും അദ്ദേഹം കുറിച്ചു.

ചിലർ പ്രസ്ഥാനത്തെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് മുബാസ് ഓടക്കലി വിമർശിച്ചു. പ്ലീഡർ നിയമനം കഴിഞ്ഞ് ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാതെ അലോഷ്യസ് വിവാദങ്ങൾക്ക് തിരി കൊളുത്തുകയാണ് ചെയ്തത്. മറ്റു നിയമനങ്ങളിൽ പ്രവർത്തകരുടെ വികാരം സംരക്ഷിക്കാൻ തോന്നാത്തവർക്ക് പ്ലീഡർ നിയമനത്തിൽ മാത്രം അത് തോന്നിയതിന് പിന്നിൽ വ്യക്തിപരമായ താല്പര്യങ്ങളും മാധ്യമ ശ്രദ്ധയുമാണ്. നിയമനത്തിന്റെ പാപഭാരം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ വ്യഗ്രത കാണിക്കുന്നവർ ലോയേഴ്‌സ് കോൺഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് സംസാരിക്കുന്നില്ല. ഔദ്യോഗികമായി ഒരു ലിസ്റ്റും നൽകാത്ത പ്രസിഡന്റിന്റെ ഇപ്പോഴത്തെ ആശങ്കകൾ മോഹഭംഗങ്ങളിൽ നിന്ന് ഉണ്ടായതാണെന്നും മുബാസ് ആരോപിച്ചു.

അതേസമയം, പ്ലീഡർ നിയമനത്തിലെ തന്റെ ഇടപെടൽ തെറ്റാണെങ്കിൽ ആ തെറ്റ് വീണ്ടും ആവർത്തിക്കുമെന്ന നിലപാടിലാണ് അലോഷ്യസ് സേവ്യർ. കെഎസ്‌യു പ്രവർത്തകരുടെ ചോരയും നീരുമാണ് യുഡിഎഫ് സർക്കാരെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ, അലോഷ്യസ് സേവ്യറെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട ബാനർ വിവാദം വർദ്ധിപ്പിച്ചു. കെഎസ്‌യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തിൽ സംഘടനയ്ക്ക് കാര്യമുണ്ടെന്നും ചരിത്രം മറക്കാൻ തയ്യാറല്ലെന്നും വ്യക്തമാക്കുന്ന ബാനർ എറണാകുളം അസംബ്ലി ഭാരവാഹികളായ ബസിൽ സമാൻ, ഋതുപർണ്ണദേവ് എന്നിവരാണ് സ്ഥാപിച്ചത്. രാത്രി സ്ഥാപിച്ച ഈ ബാനർ രാവിലെയായപ്പോഴേക്കും അപ്രത്യക്ഷമായി.

Also read: