‘മഹാരാജാവല്ല!, താങ്കളുടെ വാക്കുകളും ശരീരഭാഷയും മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല’- വി.ഡി സതീശനോട് കെ.കെ രാഗേഷ്
കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. കേരളത്തിന്റെ മുഖ്യമന്ത്രിയായ സതീശൻ മഹാരാജാവല്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകളും ശരീരഭാഷയും മുഖ്യമന്ത്രിപദവിക്ക് ചേര്‍ന്നതല്ലെന്നും കെ.കെ രാഗേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പൊതുപ്രവര്ത്തകരെയാകെ വിരട്ടി നിര്‍ത്താമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തോട് എന്താണ് അമിത താല്പര്യമെന്നും ചോദിച്ചു.
തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ പൗരനും താല്പര്യമുണ്ട്. പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെയും ജനാധിപത്യബോധത്തിന്റെയും ഭാഗമായാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. തങ്ങളെ പ്രതിരോധത്തിലാക്കിയ കാര്യങ്ങൾ ഉയർന്നുവന്നപ്പോഴുള്ള അസ്വസ്ഥതയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നും, സ്വന്തം പാര്‍ട്ടിയിലെ കമന്റ് തൊഴിലാളികള്‍ക്കും സൈബര്‍ ഗുണ്ടകള്‍ക്കും ഇണങ്ങുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും രാഗേഷ് കുറ്റപ്പെടുത്തി.
ധനം, നിയമം, തുറമുഖം വകുപ്പുകള്‍ മുഖ്യമന്ത്രി ബോധപൂര്‍വം ഏറ്റെടുത്തത് എന്തിനാണെന്നും വിഴിഞ്ഞം പോര്‍ട്ട് മുന്‍ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത് എന്തിനാണെന്നും രാഗേഷ് ചോദിച്ചു. ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് പോയി അദാനി അധികൃതരെ കണ്ടത് എന്തിനാണെന്നും, ആരാണ് ആ വിമാനത്തിന്റെ ചിലവ് വഹിച്ചതെന്നും അദ്ദേഹം ചോദ്യമുയർത്തി. കൂടാതെ, കരാര്‍ ലംഘനം നടത്തി സര്‍ക്കാരിന്റെ മുൻകൂര്‍ അനുമതിയില്ലാതെ ഓഹരി വില്‍പ്പന നടത്താന്‍ അദാനിക്ക് എവിടെനിന്നാണ് ധൈര്യം ലഭിച്ചതെന്നും അദാനിയുടെ പ്രസ്സ് റിലീസ് കണ്ടാണ് കച്ചവടവിവരം അറിഞ്ഞതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ എന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. കേരളത്തിന്റെ സ്വപ്നപദ്ധതിയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുന്നതിനെതിരെ ജനങ്ങളുടെ സംശയങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇതിനെതിരെ ഇനിയും ചോദ്യങ്ങള്‍ ഉയരുമെന്നും കെ.കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.