21/07/2026
[fontresizer_tawhidurrahmandear_widget]

‘ഞാന്‍ ജനിച്ച് വീണതേ അരിവാളിൽ, വോട്ട് മാറ്റിക്കുത്തിയത് വി.ഡിയ്ക്ക് വേണ്ടി, കേരളം രക്ഷപ്പെട്ടു; കുളപ്പുള്ളി ലീല

 ‘ഞാന്‍ ജനിച്ച് വീണതേ അരിവാളിൽ, വോട്ട് മാറ്റിക്കുത്തിയത് വി.ഡിയ്ക്ക് വേണ്ടി, കേരളം രക്ഷപ്പെട്ടു; കുളപ്പുള്ളി ലീല

കൊച്ചി: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായി വി.ഡി സതീശൻ മാറുമെന്ന് മുതിർന്ന നടി കുളപ്പുള്ളി ലീല. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച താൻ ആദ്യമായി വോട്ട് മാറ്റിക്കുത്തിയത് വി.ഡി സതീശന് വേണ്ടിയാണെന്നും, അദ്ദേഹം അധികാരത്തിൽ വന്നതോടെ കേരളം രക്ഷപ്പെട്ടുവെന്നും താരം പ്രതികരിച്ചു. ഒരു മന്ത്രി എന്നതിലുപരി സ്വന്തം മകനെപ്പോലെയാണ് വി.ഡി സതീശനെ താൻ കാണുന്നതെന്നും കുളപ്പുള്ളി ലീല കൂട്ടിച്ചേർത്തു.

യാതൊരുവിധ ജാഡകളുമില്ലാത്ത വ്യക്തിയാണ് വി.ഡി സതീശനെന്ന് കുളപ്പുള്ളി ലീല പറയുന്നു. “ഞങ്ങൾ പലപ്പോഴും പൊതുവേദികളിൽ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. താനൊരു വലിയ ആളാണെന്ന ഭാവമൊന്നും അദ്ദേഹം കാണിക്കാറില്ല. എന്റെ അമ്മ മരിച്ച സമയത്ത് അദ്ദേഹം വീട്ടിൽ വന്നിരുന്നു. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാം. അദ്ദേഹം മുഖ്യമന്ത്രിയായ സമയത്ത് ഞാൻ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ട്, പലരും നിവേദനങ്ങൾ നൽകാനായി ശുപാർശകളുമായി എന്റെയടുത്ത് വന്നിരുന്നു. എന്നാൽ ഞാനും അദ്ദേഹവും തമ്മിൽ അത്തരം കണക്ഷനുകളില്ലെന്നും, അവരുടെ സ്വകാര്യതയിലേക്ക് നമ്മൾ കടന്നുകയറാൻ പാടില്ലെന്നുമാണ് ഞാൻ അവർക്ക് നൽകിയ മറുപടി,” നടി വ്യക്തമാക്കി. ഒരിക്കൽ അദ്ദേഹം തന്നെ പെങ്ങളെന്നാണ് അഭിസംബോധന ചെയ്തതെന്നും ലീല ഓർത്തെടുത്തു.

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് ദൈവാനുഗ്രഹമാണെന്നും ഉറക്കമൊഴിച്ചിട്ടാണെങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ അദ്ദേഹം പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു. “അദ്ദേഹം നല്ല ഭരണം കാഴ്ചവെക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റെ മുന്നിലെത്തുന്ന എല്ലാ പ്രശ്നങ്ങൾക്കും അദ്ദേഹം പരിഹാരം കാണും. ഞാൻ ജനിച്ചുവീണത് തന്നെ അരിവാളിലേക്കാണ്. എന്നാൽ ഒരു വോട്ട് മാറി ചെയ്തിട്ടുണ്ടെങ്കിൽ അത് വി.ഡി സതീശന് വേണ്ടി മാത്രമാണ്. ആരെയും മാറ്റിനിർത്താത്ത അദ്ദേഹം കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി മാറണം. അതാണ് നാടിന് വേണ്ടത്,” കുളപ്പുള്ളി ലീല പറഞ്ഞു.

Also read: