‘തിരിഞ്ഞു നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല’; മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി
കോഴിക്കോട്: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കെഎസ്‌യുവിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വിമർശനം കടുപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിക്കെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തി. തിരിഞ്ഞുനോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ലെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു.
നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി കെഎസ്‌യു പ്രവർത്തകർ ജയിലിൽ കിടന്നപ്പോൾ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണെന്നും സച്ചിൻ ആരോപിച്ചു. അതേസമയം, നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി അടക്കമുള്ള മുഖ്യമന്ത്രി അനുകൂലികൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടും മുൻപ് അലോഷ്യസ് സേവ്യർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ ദുരൂഹതയുണ്ടെന്നാണ് ഈ വിഭാഗത്തിൻ്റെ വിലയിരുത്തൽ. ലോയേഴ്സ് കോൺഗ്രസ് സമർപ്പിച്ച ലിസ്റ്റിനെക്കുറിച്ച് അലോഷ്യസ് മൗനം പാലിക്കുന്നതിനെയും ഇവർ ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് എറണാകുളം ജില്ലാ പ്രസിഡൻ്റ് കൃഷ്‌ണലാലും വ്യക്തമാക്കി.
ഇതിനിടെ, അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഉയർന്ന ബാനർ വിവാദം വർധിപ്പിച്ചു. ‘കെഎസ്‌യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തിൽ കെഎസ്‌യുവിന് കാര്യമുണ്ട്’ എന്ന് രേഖപ്പെടുത്തിയ ബാനർ എറണാകുളം അസംബ്ലി ഭാരവാഹികളായ ബസിൽ സമാൻ, ഋതുപർണ്ണഘോഷ് എന്നിവരാണ് സ്ഥാപിച്ചത്. രാത്രി സ്ഥാപിച്ച ബാനർ രാവിലെയായപ്പോഴേക്കും അപ്രത്യക്ഷമായി. പ്ലീഡർ നിയമനവിവാദത്തിൽ കെഎസ്‌യുവിനുള്ളിലെ ആഭ്യന്തര തർക്കം പരസ്യമായ പോരിലേക്കാണ് വഴിമാറുന്നത്.