നിയന്ത്രണം വിട്ടുവന്ന ലോറി ഇടിക്കുമെന്ന് കരുതി മറുവശത്തേക്ക് ഓടി, ചെന്ന് വീണത് കെഎസ്ആർടിസിക്ക് മുന്നിൽ, ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറ്റി രക്ഷകനായി ഡ്രൈവർ
മൈസൂരു: മൈസൂരു-ബെംഗളൂരു ഹൈവേയിൽ കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ കർണാടക ആർടിസി ബസ് ജീവനക്കാരന് തിരികെ കിട്ടിയത് സ്വന്തം ജീവൻ. ബസിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ഓടിവീണ ജീവനക്കാരനെ രക്ഷിക്കാൻ കെഎസ്ആർടിസി ഡ്രൈവർ ബസ് വെട്ടിത്തിരിച്ച് ഡിവൈഡറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. മലപ്പുറം കാവനൂർ സ്വദേശിയായ നസീഫ് ആണ് ധീരമായ ഈ രക്ഷാപ്രവർത്തനം നടത്തിയത്.
വെള്ളിയാഴ്ചയായിരുന്നു സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയമായ സംഭവം അരങ്ങേറിയത്. മൈസൂരു-ബംഗളൂരു ഹൈവേയിൽ വെച്ച് കർണാടക ആർടിസി ബസിന്റെ ടയർ പഞ്ചറായിരുന്നു. ഇത് മാറ്റുന്നതിനിടെയാണ് ജീവനക്കാരൻ അപകടത്തിൽപ്പെട്ടത്. ടയർ മാറ്റുന്നതിനിടെ അതുവഴി നിയന്ത്രണം വിട്ടുവന്ന ഒരു ലോറി തൻ്റെ ദേഹത്തേക്ക് ഇടിച്ചുകയറുമെന്ന് ഭയന്ന ജീവനക്കാരൻ റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു. എന്നാൽ ഓട്ടത്തിനിടയിൽ തൊട്ടുപിന്നാലെ വരികയായിരുന്ന കെഎസ്ആർടിസി ബസിന് മുന്നിലേക്കാണ് ഇദ്ദേഹം ചെന്നുപെട്ടത്.
അപ്രതീക്ഷിതമായി ഒരാൾ ബസിന് മുന്നിലേക്ക് വീഴുന്നത് കണ്ട ഡ്രൈവർ നസീഫ് ഒരു നിമിഷം പോലും വൈകാതെ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു മാറ്റുകയായിരുന്നു. നസീഫിന്റെ ഈ അവസരോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവസമയത്ത് അതുവഴി വന്ന മറ്റൊരു വാഹനത്തിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പകച്ചുനിൽക്കാതെ മനുഷ്യ ജീവന് കാവലായ നസീഫിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.