നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോഷൂട്ട്: ഇടുക്കിയിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസ്
ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഡിഎഫ്ഒയുടെ പ്രത്യേക നിർദേശപ്രകാരമാണ് കുറ്റിയാർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്.
പൂക്കൾ പറിച്ച് ചെവിയിലും തലയിലും വെച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. അപൂർവ്വ സസ്യമായ നീലക്കുറിഞ്ഞി വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ളതാണ്. കുറിഞ്ഞി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. മൂന്ന് വർഷം വരെ തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണിത്.
കേസിന്റെ ആദ്യഘട്ട നടപടികളായ ഫോം വൺ, മഹസർ എന്നിവ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുമെന്നും, നിലവിൽ ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
12 വർഷത്തിലൊരിക്കൽ മൂന്നാറിൽ വീണ്ടും നീലവസന്തം വിരിഞ്ഞതോടെ ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഈ സാഹചര്യത്തിൽ, ചെടികൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും, സംഭവം മറ്റു സഞ്ചാരികൾക്കുള്ള മുന്നറിയിപ്പാണെന്നും വനംവകുപ്പ് അറിയിച്ചു.