മോഹൻലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകൾ, എല്ലാം സമ്മാനമായി ലഭിച്ചതെന്ന് നടൻ; വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ച് ഡിഎഫ്ഒ
കൊച്ചി: തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളാണ് ഉള്ളതെന്നും എല്ലാം തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും വെളിപ്പെടുത്തി നടൻ മോഹൻലാൽ. പുതുതായി വെളിപ്പെടുത്തിയ 3 ആനക്കൊമ്പുകളുടെ വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് പറഞ്ഞു.
2015ലും 2016ലും ആനക്കൊമ്പുകൾ മോഹൻലാലിന് കൈവശം സൂക്ഷിക്കാനായി അധികാരപ്പെടുത്തി ഉത്തരവിറക്കുകയും വനം വകുപ്പ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ സർട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. അതിന്റെ നിയമനടപടികൾ മുന്നോട്ട് പോകുന്നതിനിടയിലാണ് വനംവകുപ്പിന്റെ ഒറ്റത്തവണ പരാതി തീർപ്പാക്കൽ പദ്ധതി പ്രകാം കൂടുതൽ ആനക്കൊമ്പുകൾ തന്റെ കൈവശമുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയത്.
5 ജോഡി ആനക്കൊമ്പുകൾക്ക് പുറമെ ആനക്കൊമ്പിൽ തീർത്ത 13 ശിൽപങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഇവയും തനിക്ക് സമ്മാനമായി ലഭിച്ചതെന്നാണ് നടന്റെ വിശദീകരണം. എന്നാൽ ഇതിൽ ചില നിയമപ്രശ്‌നങ്ങളുണ്ട്. ആനക്കൊമ്പുകൾ പാരമ്പര്യമായി, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറുകയല്ലാതെ സമ്മാനമായി സ്വീകരിക്കരുതെന്ന് വനം നിയമത്തിൽ പറയുന്നുണ്ട്.
ഇപ്പോൾ ആനക്കൊമ്പുകളുടെ പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. ഇവയെല്ലാം വനംവകുപ്പ് കൃത്യമായി പരിശോധിക്കണം. ഡിഎൻഎ ടെസ്റ്റ് നടത്തി ഇവ ആറ് ആനകളുടേതാണെന്ന് വ്യക്തമായാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായേക്കാം. ഇതിന്റെ വിവരങ്ങൾ എത്രയും പെട്ടെന്ന് ഹാജരാക്കാൻ നിർദേശിച്ചതായി വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.