‘ലോകകപ്പ് നേടിയാൽ ഞാൻ താടിയും മീശയും വളർത്തും’;ലാമിൻ യമാൽ
ബാർസലോണ: 2026 ലെ ഫിഫ ലോകകപ്പിൽ സ്പെയിൻ കിരീടം ചൂടിയാൽ മൂന്നാഴ്ചത്തേക്ക് താൻ താടിയും മീശയും വളർത്തുമെന്ന് ലാമിൻ യമാൽ. ഇതിന് പുറമെ 100 ബീറ്റ്സ് ഹെഡ്‌ഫോണുകൾ ആരാധകർക്കായി നറുക്കെടുപ്പിലൂടെ നൽകുമെന്നും പതിനെട്ടുകാരനായ താരം വാഗ്ദാനം ചെയ്തു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ബാഴ്‌സലോണ താരം ആരാധകരുമായി ഈ വിവരം പങ്കുവെച്ചത്. നിലവിൽ താടി വളർത്താൻ മാത്രം പ്രായമായിട്ടില്ലാത്ത താരത്തിന്റെ ഈ കൗതുകകരമായ പ്രഖ്യാപനം ഫുട്ബോൾ ലോകം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.
2024-25 സീസണിൽ ബാഴ്സലോണയ്ക്കായി മികച്ച പ്രകടനമാണ് യമാൽ കാഴ്ചവെച്ചത്. 55 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. യൂറോ 2024 ൽ തൻ്റെ പതിനാറാം വയസ്സിൽ കളത്തിലിറങ്ങിയ യമാൽ, മികച്ച ആത്മവിശ്വാസത്തോടെയാണ് പന്ത് തട്ടിയത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും, ലോകകപ്പിലോ യൂറോയിലോ ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാൽ മാറി. പതിറ്റാണ്ടുകൾ നീണ്ട പെലെയുടെ റെക്കോർഡ് തകർത്തുകൊണ്ട് ഒരു വലിയ അന്താരാഷ്ട്ര ടൂർണമെൻ്റ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്പാനിഷ് യുവതാരം സ്വന്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച അണ്ടർ-21 താരത്തിനുള്ള കോപ ട്രോഫി 2024 ലും 2025 ലും യമാലിനെ തേടിയെത്തി. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ യമാൽ ആണെന്നാണ് സ്പാനിഷ് ടീമിലെ സഹതാരമായ മിക്കൽ മെറിനോ അടുത്തിടെ അഭിപ്രായപ്പെട്ടത്. എന്നാൽ ടീമെന്ന നിലയിലുള്ള ഒത്തൊരുമയാണ് തങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും, ആ വലിയ കൂട്ടായ്മയിലെ ഒരു പ്രധാന ഭാഗം മാത്രമാണ് യമാലെന്നും മെറിനോ വ്യക്തമാക്കി.
ലോകകപ്പിനൊരുങ്ങുന്ന സ്പെയിൻ ടീമിന് യമാലിന്റെ പരുക്ക് ചെറിയൊരു ആശങ്ക നൽകുന്നുണ്ട്. ഹാംസ്ട്രിങ് പരുക്കിനെ തുടർന്ന് വിശ്രമത്തിലുള്ള താരത്തിന് ലോകകപ്പിലെ സ്പെയിനിന്റെ ആദ്യ മത്സരം നഷ്ടമാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാമത്തെ മത്സരത്തിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. എങ്കിലും ആദ്യ മത്സരത്തിന് മുൻപ് തന്നെ യമാൽ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂൻ്റെ പ്രതീക്ഷിക്കുന്നത്. യമാൽ വളരെ പക്വതയുള്ള താരമാണെന്നും ‘ദൈവാനുഗ്രഹമുള്ള’ കളിക്കാരനാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നിരുന്നാലും പരുക്കിന്റെ കാര്യത്തിൽ തിടുക്കം കാണിച്ച് ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ വളരെ കരുതലോടെ മാത്രമേ താരത്തെ കളത്തിലിറക്കൂ എന്നും, യമാലിന് ആവശ്യമായ സമയം നൽകണമെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.