മതം മാറിയവർക്ക് പിന്നാക്ക മുസ്‌ലിം സംവരണം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: മറ്റ് മതങ്ങളിൽ നിന്ന് ഇസ്‌ലാം മതം സ്വീകരിക്കുന്നവർക്ക് തമിഴ്‌നാട്ടിലെ പിന്നാക്ക മുസ്‌ലിം വിഭാഗങ്ങൾക്ക് നൽകുന്ന സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർണ്ണായക വിധി. മതം മാറിയെത്തുന്നവർക്ക് ബി.സി.എം സംവരണം ഉറപ്പാക്കിക്കൊണ്ട് 2024 മാർച്ച് 9-ന് തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, പി.ബി. ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇസ്‌ലാം മതം സ്വീകരിക്കുന്ന ഒരാൾ കേവലം ‘ഒരു മുസ്‌ലിം’ ആയി മാത്രമാണ് മാറുന്നതെന്നും, ജനനം കൊണ്ട് നിർണ്ണയിക്കപ്പെടുന്ന പ്രത്യേക പിന്നാക്ക സമുദായങ്ങളുടെ ഭാഗമാകാൻ അവർക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
നിലവിൽ തമിഴ്‌നാട്ടിൽ അൻസാർ, ദെക്കാനി മുസ്ലിംകൾ, ദുബേകുല, ലബ്ബ (റാവുത്തർ, മരക്കാർ ഉൾപ്പെടെ), മാപ്പിള, ഷെയ്ഖ്, സെയ്ദ് എന്നീ ഏഴ് സമുദായങ്ങളെയാണ് പിന്നാക്ക മുസ്‌ലിം വിഭാഗങ്ങളായി സർക്കാർ അംഗീകരിച്ചിട്ടുള്ളത്. പട്ടികജാതി, ബി.സി, എം.ബി.സി, ഡി.എൻ.സി തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് ഈ ഏഴ് സമുദായങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പേരിൽ സർട്ടിഫിക്കറ്റും സംവരണവും നൽകാനായിരുന്നു 2024-ലെ സർക്കാർ ഉത്തരവിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, മതം മാറ്റത്തിലൂടെ ജനനാടിസ്ഥാനത്തിലുള്ള ഒരു സമുദായത്തിന്റെ പദവി നേടിയെടുക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വ്യക്തി ഇസ്ലാമിലേക്ക് മാറുമ്പോൾ അയാൾ ലബ്ബയോ റാവുത്തറോ സെയ്ദോ ആകുന്നില്ലെന്ന് വ്യക്തമാക്കുന്ന 1951-ലെ സമാനമായ ഒരു ചരിത്രവിധിയും ഡിവിഷൻ ബെഞ്ച് ഇതിനായി ചൂണ്ടിക്കാട്ടി.
ഹിന്ദു മതത്തിൽ നിന്ന് 2015-ൽ ഇസ്ലാം മതം സ്വീകരിച്ച സമീർ അഹമ്മദ് എന്ന വ്യക്തി നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. തനിക്ക് ‘മുസ്‌ലിം ലച്ചെ (ലബ്ബ)’ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ അപേക്ഷ 2022-ൽ തഹസിൽദാർ നിരസിച്ചിരുന്നു. മതത്തിലേക്കാണ് ഒരാൾ മാറുന്നതെന്നും സമുദായത്തിലേക്കോ ജാതിയിലേക്കോ അല്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. ഇതിനെതിരെ സമീർ ഹൈക്കോടതിയെ സമീപിക്കുകയും, ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാർ പുതിയ സംവരണ ഉത്തരവ് ഇറക്കുകയുമായിരുന്നു.
ഇസ്ലാമിക പ്രമാണങ്ങൾ പ്രകാരം ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും ജാതി-സമുദായ വേർതിരിവുകൾ ഇല്ലാത്ത സമത്വമുള്ള സമൂഹമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും കോടതി വിധിന്യായത്തിൽ ഓർമ്മിപ്പിച്ചു. ചരിത്രപരമായ കാരണങ്ങളാൽ മുസ്ലിം സമൂഹത്തിൽ ഇത്തരം ചില വിഭാഗങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ ജനനത്തിലൂടെ മാത്രം നിർണ്ണയിക്കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ മതം മാറി വരുന്നവർക്ക് സമുദായങ്ങളുടെ പേരിലുള്ള സംവരണാനുകൂല്യങ്ങൾ നൽകുന്നത് യുക്തിസഹമല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ഹരജി തള്ളുകയും ചെയ്തത്.