07/09/2026
[fontresizer_tawhidurrahmandear_widget]

മമത കനത്ത പ്രതിസന്ധിയിൽ; തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ

 മമത കനത്ത പ്രതിസന്ധിയിൽ; തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻമുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിപ്പിക്കാൻ കെട്ടിട ഉടമ പോലീസ് സഹായം തേടി. പാർട്ടിയുമായി ഒപ്പുവെച്ചിരുന്ന വാടകക്കരാറിന്റെ കാലാവധി 2025-ൽ തന്നെ അവസാനിച്ചതാണെന്ന് കെട്ടിട ഉടമയായ മോണ്ടു സാഹ വ്യക്തമാക്കി. മേയ് നാലിന് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവം. ഭൂരിഭാഗം ടി.എം.സി എം.എൽ.എമാരും വിമത സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ പാർട്ടി എം.പിമാരുടെ നിലപാടിലും ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് പാർട്ടി ഓഫീസ് ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ഉടമ രംഗത്തെത്തിയിരിക്കുന്നത്.

കൊൽക്കത്തയിൽ മുൻപ് പ്രശസ്തമായ ഒരു ഹോട്ടലായിരുന്ന ഈ കെട്ടിടം 2022-ലാണ് തൃണമൂൽ കോൺഗ്രസ് വാടകയ്ക്ക് എടുക്കുന്നത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും, തൊട്ടുപിന്നാലെ നടന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും നിർണ്ണായകമായ വാർ റൂം ഉൾപ്പെടെ പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി കെട്ടിടം ഒഴിപ്പിച്ചു നൽകണമെന്ന ആവശ്യവുമായി ഉടമ പോലീസിനെ സമീപിച്ചിരിക്കുന്നത്.

2022-ന് മുൻപ് ‘തൃണമൂൽ ഭവൻ’ എന്ന കെട്ടിടത്തിലായിരുന്നു പാർട്ടിയുടെ പ്രധാന ഓഫീസ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് ആ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പ്രമാണിച്ചാണ് താൽക്കാലികമായി പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. എന്നാൽ, പഴയ ഓഫീസായിരുന്ന ‘തൃണമൂൽ ഭവനും’ അടിയന്തരമായി മമത ബാനർജി ഒഴിഞ്ഞുതരണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാളിലെ ഒരു എം.എൽ.എയും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ഈ കെട്ടിടം തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് എം.എൽ.എയുടെ വാദം. ഇതോടെ സ്വന്തമായി പാർട്ടി ആസ്ഥാനമില്ലാതെ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്.

Also read: