22/07/2026
[fontresizer_tawhidurrahmandear_widget]

‘ഉറക്കമുണർന്നപ്പോൾ കണ്ടത് കാർ ട്രക്കിനടിയിൽ’; ഐപിഎൽ ഫൈനലിന് ശേഷം മടങ്ങുന്നതിനിടെ മൈക്കൽ ക്ലാർക്കിന്റെ വാഹനം അപകടത്തിൽപ്പെട്ടു; രക്ഷപ്പെട്ടത് അത്ഭുകരമായി

 ‘ഉറക്കമുണർന്നപ്പോൾ കണ്ടത് കാർ ട്രക്കിനടിയിൽ’; ഐപിഎൽ ഫൈനലിന് ശേഷം മടങ്ങുന്നതിനിടെ മൈക്കൽ ക്ലാർക്കിന്റെ വാഹനം അപകടത്തിൽപ്പെട്ടു; രക്ഷപ്പെട്ടത് അത്ഭുകരമായി

അഹമ്മദാബാദ്: ഐപിഎൽ 2026 ഫൈനൽ മത്സരത്തിന് ശേഷം മടങ്ങുന്നതിനിടെ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കൽ ക്ലാർക്ക് സഞ്ചരിച്ച കാർ ദാരുണമായ അപകടത്തിൽപ്പെട്ടതായി വെളിപ്പെടുത്തൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മെയ് 31-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിന് ശേഷം വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഈ അപകടം സംഭവിച്ചത്. തന്റെ ‘ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിലൂടെ’ ക്ലാർക്ക് തന്നെയാണ് ഈ ഭയാനകമായ അനുഭവം തുറന്നുപറഞ്ഞത്.

മത്സരത്തിന് ശേഷം ക്ഷീണം കാരണം കാറിന്റെ മുൻവശത്തെ പാസഞ്ചർ സീറ്റിലിരുന്ന് താൻ ഉറങ്ങിപ്പോയിരുന്നുവെന്നും, പെട്ടെന്ന് ഉണർന്നുനോക്കുമ്പോൾ കാറിന്റെ മുൻ പകുതിയോളം ഒരു വലിയ സെമി-ട്രെയിലർ ട്രക്കിനടിയിൽ ഇടിച്ചുകയറിയ നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ ബ്രേക്ക് ലൈറ്റുകൾ പ്രവർത്തിക്കാതിരുന്നതാണ് ഈ അപകടത്തിന് കാരണമായതെന്നും ഡ്രൈവർ ട്രക്കിന്റെ പിന്നിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഈ ഇടിയിൽ വാഹനം പൂർണ്ണമായും തകർന്നുപോയി. മുൻവശം തകർന്ന് കാലുകളിലേക്ക് ഇടിച്ചുകയറിയെങ്കിലും വലിയൊരു അത്ഭുതം പോലെ താൻ ചെറിയ ചതവുകളോടെ രക്ഷപ്പെട്ടുവെന്ന് ക്ലാർക്ക് പറഞ്ഞു. എന്നാൽ കാർ ഓടിച്ചിരുന്ന ഡ്രൈവർക്ക് കാലിന് പൊട്ടലുണ്ടായതായി അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ വാഹനമായതിനാൽ ഭയന്നുപോയ ഡ്രൈവർ ആദ്യം ആശുപത്രിയിൽ പോകാൻ തയ്യാറായില്ലെന്നും, പിന്നീട് താൻ നിർബന്ധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിമാനത്താവളത്തിലേക്ക് പോകാൻ മറ്റൊരു വാഹനം ലഭിക്കുന്നതിനായി റോഡിൽ ഏതാണ്ട് ഒരു മണിക്കൂറോളം അദ്ദേഹത്തിന് കാത്തുനിൽക്കേണ്ടി വന്നു. ഇത്രയും വലിയൊരു ദുരന്തത്തിൽ നിന്ന് തന്നെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് ഇന്ത്യയിലെ നല്ലവരായ മനുഷ്യരോട് അദ്ദേഹം നന്ദി പറഞ്ഞു. അപകടസമയത്ത് ഓടിയെത്തി സഹായിച്ച നാട്ടുകാർക്കും, തന്നോടും ഡ്രൈവറോടും നിരന്തരം വിവരങ്ങൾ അന്വേഷിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്ത ബി.സി.സി.ഐ അധികൃതർക്കും അദ്ദേഹം പോഡ്കാസ്റ്റിലൂടെ വലിയ കടപ്പാട് അറിയിച്ചു. ഒടുവിൽ തന്റെ വിമാനം കൃത്യസമയത്ത് ലഭിച്ചുവെന്നും സുരക്ഷിതനായി നാട്ടിലെത്തിയെന്നും ക്ലാർക്ക് വ്യക്തമാക്കി.

Also read: