13/06/2026
[fontresizer_tawhidurrahmandear_widget]

യുപിയിൽ കോടതി വളപ്പിൽ 2 ലക്ഷം രൂപയടങ്ങിയ ബാ​ഗ് തട്ടിയെടുത്ത് മരത്തിൽ കേറി കുരങ്ങൻ; മുകളിൽ നിന്ന് താഴേക്കിട്ട് നോട്ടുകൾ; വീഡിയോ വൈറൽ

 യുപിയിൽ കോടതി വളപ്പിൽ 2 ലക്ഷം രൂപയടങ്ങിയ ബാ​ഗ് തട്ടിയെടുത്ത് മരത്തിൽ കേറി കുരങ്ങൻ; മുകളിൽ നിന്ന് താഴേക്കിട്ട് നോട്ടുകൾ; വീഡിയോ വൈറൽ

ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്‌ശഹർ ജില്ലാ കോടതി വളപ്പിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന രസകരവും എന്നാൽ അപ്രതീക്ഷിതവുമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്റ്റാമ്പ് പേപ്പറുകൾ വാങ്ങാനായി കക്ഷികളിൽ നിന്നും വാങ്ങിയ രണ്ട് ലക്ഷം രൂപയുള്ള ബാഗുമായി എത്തിയ രവീന്ദ്ര ലോധി എന്ന വ്യക്തിയുടെ കയ്യിൽ നിന്നുമാണ് ഒരു കുരങ്ങൻ പണം തട്ടിയെടുത്തത്. ബാഗുമായി വേഗത്തിൽ കോടതി വളപ്പിലെ ഒരു മരത്തിന് മുകളിൽ കയറിയ കുരങ്ങൻ അതിൽ നിന്നും നോട്ടുകൾ താഴേക്ക് എറിയാൻ തുടങ്ങിയതോടെ അവിടെ വലിയ ആശയക്കുഴപ്പവും തിരക്കും അനുഭവപ്പെട്ടു.

മരത്തിന് മുകളിൽ നിന്നും താഴേക്ക് പണം വീഴുന്നത് കണ്ടതോടെ കോടതി ജീവനക്കാരും അഭിഭാഷകരും മറ്റ് സന്ദർശകരും താഴെ വീഴുന്ന നോട്ടുകൾ എടുക്കാനായി ഓടിക്കൂടുകയായിരുന്നു. ആളുകൾ പണം പെറുക്കിയെടുക്കാൻ പരസ്പരം മത്സരിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമായി കാണാം. കുരങ്ങനെ താഴെയിറക്കാനായി അവിടെയുണ്ടായിരുന്നവർ പഴങ്ങളും ജ്യൂസും നൽകി പ്രലോഭിപ്പിച്ചതിനൊടുവിലാണ് ബാക്കി പണമടങ്ങിയ ബാഗ് തിരികെ ലഭിച്ചത്. ബാഗിലുണ്ടായിരുന്ന 1.98 ലക്ഷം രൂപയിൽ ഭൂരിഭാഗവും തിരികെ ലഭിച്ചെങ്കിലും, താഴെ വീണ നോട്ടുകൾ പെറുക്കിയെടുക്കാൻ ആളുകൾ തിക്കിത്തിരക്കിയതിനിടയിൽ ഏകദേശം 40,000 രൂപയോളം കാണാതായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു കോമഡി സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ഈ സംഭവത്തിൽ, കുരങ്ങനെ ഒരു ‘ജീവകാരുണ്യ പ്രവർത്തകൻ’ എന്ന് വിളിച്ചാണ് ഓൺലൈനിൽ ആളുകൾ ഇപ്പോൾ തമാശയാക്കുന്നത്.

Also read: