‘ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദി, കാണിക്കുന്നത് തോന്നിവാസം, മോദി അനുസരണയുള്ള കുട്ടിയും’; എം.വി ഗോവിന്ദൻ
തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലോകത്ത് ഗുണ്ടായിസം നടപ്പിലാക്കുന്ന ട്രംപിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസരണയുള്ള ഒരു കുട്ടിയെപ്പോലെയാണ് ഇപ്പോൾ പെരുമാറുന്നതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. തിരുവനന്തപുരത്ത് എണ്ണവില വർധനവിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ സമരത്തിനാണ് എൽഡിഎഫ് നേതൃത്വം നൽകാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തു തോന്നിവാസം കാണിക്കാനും മടിയില്ലാത്ത, ലോകത്തെ കൂടുതൽ പ്രതിസന്ധികളിലേക്കും കുഴപ്പങ്ങളിലേക്കും നയിക്കുന്ന ഇസ്രയേലിനെ കൂട്ടുപിടിച്ചാണ് ട്രംപ് പ്രവർത്തിക്കുന്നത്. ഇത്തരം ലോക ഗുണ്ടായിസത്തിന്റെ വക്താവായി മാറുന്ന ട്രംപിന് മോദി പൂർണ്ണമായും വിധേയപ്പെട്ടിരിക്കുകയാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു.
രാജ്യത്തെ ഇന്ധനവില വർധനവ് സകല അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരാൻ കാരണമാകുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ജനങ്ങൾക്ക് താങ്ങാനാവാത്ത വിധം വർധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വലിയ രീതിയിലുള്ള കൊള്ളയാണ് നടത്തുന്നത്. ഈ കൊള്ളയടി അടിയന്തരമായി അവസാനിപ്പിക്കണം. അതേസമയം, നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അവസരവാദപരമാണെന്നും, പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിൽ വരുമ്പോൾ മറ്റൊരു നിലപാടുമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർധിച്ചുവരുന്ന ഈ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.