ബംഗാളിൽ എസ്.ഐ.ആറിനെതിരെ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എയുടെ കൂട്ട റെയ്ഡ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾക്കെതിരെയും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതിനെതിരെയും ശബ്ദമുയർത്തിയ മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാപക റെയ്ഡ് നടത്തി. ഒരേസമയം കൊൽക്കത്തയിലും സമീപ ജില്ലകളിലുമായി നടന്ന പരിശോധനയിൽ മൂന്ന് പ്രമുഖ യുവ ആക്ടിവിസ്റ്റുകളെയാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിട്ടത്.
കൊൽക്കത്ത പാർക്ക് സർക്കസിലെ വോട്ടർപട്ടിക തിരുത്തലിനെതിരായ സത്യാഗ്രഹ സമരത്തിന്റെ പ്രധാന സംഘാടകയും ഗവേഷകയുമായ ഝലം റോയ്, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ‘റെവല്യൂഷണറി സ്റ്റുഡൻ്റ്സ് ഫ്രണ്ട്’ (RSF) ജനറൽ സെക്രട്ടറി തഥാഗത റോയ് ചൗധരി, നാദിയ ജില്ലയിലെ സ്കൂൾ അധ്യാപകനും കർഷക പ്രസ്ഥാനത്തിന്റെ സംഘാടകനുമായ സുകുമാർ കയൽ എന്നിവരുടെ വസതികളിലാണ് എൻ.ഐ.എ ഒരേസമയം പരിശോധന നടത്തിയത്.
കിഴക്കൻ ഇന്ത്യയിൽ മാവോയിസ്റ്റ് പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2022-ൽ റാഞ്ചിയിൽ രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസുമായി ബന്ധപ്പെടുത്തിയാണ് ഈ റെയ്‌ഡുകളെന്നാണ് എൻ.ഐ.എയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, സംസ്ഥാനത്ത് വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനെതിരെ ഉയർന്നുവന്ന ശക്തമായ ജനകീയ സമരങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി.
പരിശോധനയിൽ പുസ്‌തകങ്ങൾ, പ്രാദേശിക ലഘുലേഖകൾ, രാഷ്ട്രീയ തടവുകാർക്കായുള്ള ഫണ്ട് ശേഖരണ രസീത് പുസ്തകങ്ങൾ എന്നിവയ്ക്ക് പുറമെ, എൻ.ഐ.എ നിലവിൽ അന്വേഷിക്കുന്ന ഇതേ കേസിന്റെ കോടതി രേഖകളുടെ പകർപ്പുകൾ വരെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവയൊന്നും നിരോധിത പ്രസിദ്ധീകരണങ്ങളല്ലെന്നും സാധാരണയായി പൊതുവിപണിയിൽ ലഭ്യമാകുന്നവയാണെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.
തങ്ങൾ അന്വേഷിക്കുന്ന കേസിന്റെ കോടതി രേഖകൾ തന്നെ എൻ.ഐ.എ തെളിവായി കൊണ്ടുപോകുകയാണെന്ന് തഥാഗത റോയ് ചൗധരി വിമർശിച്ചു. റെയ്ഡിന് പിന്നാലെ കൂടുതൽ ചോദ്യം ചെയ്യലിനായി റാഞ്ചിയിലെ ഓഫീസിൽ ഹാജരാകാൻ ഇവർക്ക് എൻ.ഐ.എ സമൻസ് നൽകിയിട്ടുണ്ട്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭയപ്പെടുത്താനും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് (APDR) ശക്തമായി അപലപിച്ചു. പശ്ചിമ ബംഗാളിൽ കുടിയൊഴിപ്പിക്കൽ, വോട്ടർമാരെ ഒഴിവാക്കൽ, വിചാരണത്തടവുകാരുടെ അവകാശലംഘനം തുടങ്ങിയ വിഷയങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിൽ ഭരണകൂടം ഭയപ്പെടുന്നുണ്ടെന്നും, അതിന്റെ പ്രതിഫലനമാണ് ഈ റെയ്ഡുകളെന്നും എ.പി.ഡി.ആർ ഭാരവാഹികൾ വ്യക്തമാക്കി.