10/06/2026
[fontresizer_tawhidurrahmandear_widget]

പാചകവാതക വിലക്കയറ്റത്തിന് ആശ്വാസമായി എഥനോൾ സ്റ്റൗ വരുന്നു?; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

 പാചകവാതക വിലക്കയറ്റത്തിന് ആശ്വാസമായി എഥനോൾ സ്റ്റൗ വരുന്നു?; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: പാചകവാതക വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസ വാർത്ത. രാജ്യത്ത് എൽപിജി സിലിണ്ടറുകൾക്ക് പകരമായി എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചു. നാഗ്പൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ചാണ് അദ്ദേഹം ഈ സുപ്രധാന മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്. എൽപിജിയെ അപേക്ഷിച്ച് വലിയ തോതിൽ ചെലവ് കുറഞ്ഞതും, പരിസ്ഥിതിക്ക് അനുയോജ്യവുമായ സാങ്കേതികവിദ്യയാണ് എഥനോൾ അധിഷ്ഠിത സ്റ്റൗവിലൂടെ കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

കരിമ്പ്, ചോളം, മറ്റ് കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിച്ചെടുക്കുന്ന ഒരു മികച്ച ജൈവ ഇന്ധനമാണ് എഥനോൾ. സാധാരണ പാചകവാതകങ്ങളെ അപേക്ഷിച്ച് കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ പുറന്തള്ളുന്നുള്ളൂ എന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്. എഥനോൾ സ്റ്റൗവുകളുടെ ഉപയോഗം വർദ്ധിക്കുന്നതോടെ വിദേശത്ത് നിന്നുള്ള എൽപിജി ഇറക്കുമതി വലിയ തോതിൽ കുറയ്ക്കാനും, അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും. ഇതിന് പുറമെ കരിമ്പ്, ചോളം എന്നിവ കൃഷി ചെയ്യുന്ന കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും ഈ പുതിയ പദ്ധതിയിലൂടെ സാധിക്കും അദ്ദേഹം വ്യക്തമാക്കി.

2014-ൽ പെട്രോളിൽ എഥനോൾ കലർത്തുന്നത് വെറും 1.5 ശതമാനം മാത്രമായിരുന്നു. എന്നാൽ 2025 ആയപ്പോഴേക്കും ഇത് 20 ശതമാനമായി ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ പാചക ആവശ്യങ്ങൾക്കും എഥനോൾ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകൾ രാജ്യം നടത്തുന്നത്. നിലവിൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ ലഭ്യതയിലും വിതരണത്തിലുമുണ്ടായ വലിയ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയരാൻ കാരണമാകുന്നത്. എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നതിലൂടെ ഇത്തരം വിലക്കയറ്റങ്ങളെയും ഇന്ധന പ്രതിസന്ധികളെയും ഫലപ്രദമായി നേരിടാൻ രാജ്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: