15/06/2026
[fontresizer_tawhidurrahmandear_widget]

‘ഉത്തര കൊറിയ ആണവായുധം ഉപേക്ഷിക്കുമെന്ന് അമേരിക്ക സ്വപ്നം കാണേണ്ട’; നിലപാട് കടുപ്പിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി

 ‘ഉത്തര കൊറിയ ആണവായുധം ഉപേക്ഷിക്കുമെന്ന് അമേരിക്ക സ്വപ്നം കാണേണ്ട’; നിലപാട് കടുപ്പിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി

പ്യോങ്യാങ്: തങ്ങളുടെ ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്ന് അമേരിക്ക സ്വപ്നം കാണുക പോലും വേണ്ടെന്ന് വ്യക്തമാക്കി ഉത്തര കൊറിയ. രാജ്യത്തെ ആണവ നിരായുധീകരണത്തിലേക്ക് നയിക്കാമെന്ന അമേരിക്കയുടെ പ്രതീക്ഷകൾ വെറുമൊരു ‘ഭ്രാന്തൻ സ്വപ്നം’ മാത്രമാണെന്ന് ഉത്തര കൊറിയ പ്രസിഡൻ്റ് കിം ജോങ് ഉന്നിന്റെ സഹോദരിയും രാജ്യത്തെ രണ്ടാമത്തെ ശക്തയായ നേതാവുമായ കിം യോ ജോങ് തുറന്നടിച്ചു.

ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിലേക്ക് കൊണ്ടുവരാൻ ചൈനയുമായി ചേർന്ന് ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന യു.എസ് അവകാശവാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.

“ആണവായുധങ്ങൾ ഉപേക്ഷിക്കുന്ന കാര്യം ഉത്തര കൊറിയയുടെ മുന്നിൽ ഒരിക്കലും ഒരു ചർച്ചാവിഷയമായിട്ടേയില്ല. അത് രാജ്യത്തിന്റെ സുരക്ഷയുമായും പരമാധികാരവുമായും ബന്ധപ്പെട്ട ഭരണഘടനാപരമായ കാര്യമാണ്. അമേരിക്കയുടെ ഏകപക്ഷീയമായ പ്രസ്താവനകൾ കൊണ്ട് മാത്രം ഇതിൽ ഒരു മാറ്റവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ അമേരിക്ക ഈ ദിവാസ്വപ്നം ഉപേക്ഷിക്കണം”- കിം യോ ജോങ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. കിം ജോങ് ഉന്നിന് ശേഷം ഉത്തര കൊറിയയുടെ അധികാരത്തിലെത്തുമെന്ന് കരുതപ്പെടുന്ന നിർണ്ണായക വ്യക്തിയാണ് കിം യോ ജോങ്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാളെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉത്തര കൊറിയയിൽ എത്താനിരിക്കെയാണ് ആണവായുധ വിഷയത്തിൽ രാജ്യം നിലപാട് ഇത്രത്തോളം കർശനമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഷിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, ആണവായുധ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്‌ക്കും ചർച്ചയ്ക്കും തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് പ്യോങ്യാങ് നൽകുന്നത്.

അമേരിക്ക മനപ്പൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ അമേരിക്കയുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങൾ ബെയ്‌ജിങ് നേരിട്ട് തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും, അമേരിക്കയുടെ വിശദീകരണം തങ്ങൾക്ക് ആവശ്യമില്ലെന്നും കിം യോ ജോങ് കൂട്ടിച്ചേർത്തു.

Also read: