‘കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണം, മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്’; വി.വി. രാജേഷിനെതിരെ വി. ശിവൻകുട്ടി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടക്കുന്ന അക്രമസംഭവങ്ങൾക്ക് പിന്നിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷാണെന്നും, അദ്ദേഹത്തിന്റെ ഓഫീസിൽ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും മുൻ മന്ത്രി വി. ശിവൻകുട്ടി. മേയറുടെ ഒത്താശയോടുകൂടിയാണ് നഗരത്തിൽ ആക്രമണങ്ങൾ അരങ്ങേറുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, കോർപ്പറേഷൻ ഓഫീസിൽ അടിയന്തരമായി റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് തങ്ങളുടെ ഔദ്യോഗിക നയം വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സമൂഹത്തിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി എൽ.ഡി.എഫ് സർക്കാർ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടി്ല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശനെതിരെയും ശിവൻകുട്ടി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അധികാരത്തിലെത്താൻ വേണ്ടി ജനങ്ങളോട് കള്ളം പറഞ്ഞാണ് സതീശൻ വോട്ട് നേടിയത്. നിലവിൽ എല്ലാ കാര്യങ്ങളിലും അദ്ദേഹം യു ടേൺ അടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി പോലും വി.ഡി. സതീശൻ ഇതുവരെ ഒഴിഞ്ഞുകൊടുത്തിട്ടില്ലെന്നും വി. ശിവൻകുട്ടി കുറ്റപ്പെടുത്തി.