ട്രംപിൻ്റെ അടുത്ത ലക്ഷ്യം ക്യൂബയോ? ക്യൂബൻ പ്രസിഡൻ്റ് മിഗ്വൽ ഡയസ് കാനലിന് കടുത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്ക
വാഷിങ്ടൺ: ക്യൂബൻ പ്രസിഡൻ്റ് മിഗ്വൽ ഡയസ് കാനലിനും അദ്ദേഹവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് യു.എസ് ട്രഷറി വകുപ്പ് പുതിയ നടപടികളിലേക്ക് കടന്നത്.
പ്രസിഡന്റ് ഡയസ് കാനലിന് പുറമെ അദ്ദേഹത്തിൻ്റെ ഭാര്യ ലിസ് ക്യൂസ്റ്റ പെരേസ, കാസ്ട്രോ കുടുംബത്തിലെ രണ്ട് അംഗങ്ങൾ, ക്യൂബൻ വിപ്ലവ സായുധ സേനാ മന്ത്രാലയം എന്നിവരുൾപ്പെടെ ആകെ നാല് വ്യക്തികളെയും അഞ്ച് സ്ഥാപനങ്ങളെയുമാണ് പുതുതായി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുടെ ഈ നീക്കം തികച്ചും പ്രതിഷേധാർഹമാണെന്ന് ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പ്രതികരിച്ചു. ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള യു.എസിൻ്റെ അനാവശ്യ ഇടപെടലുകളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും, ഇരുരാജ്യങ്ങളും തമ്മിൽ മനഃപൂർവ്വം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ഇത്തരം നീക്കങ്ങൾ പരാജയപ്പെടുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, പുതിയ ഉപരോധങ്ങളെക്കുറിച്ച് ക്യൂബൻ സർക്കാർ ഔദ്യോഗികമായി മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഫിദൽ കാസ്ട്രോയുടെ സഹോദരൻ റൗൾ കാസ്ട്രോയിൽ നിന്ന് 2018ൽ അധികാരം ഏറ്റെടുത്ത 66 കാരനായ ഡയസ് കാനൽ, ക്യൂബൻ നയങ്ങൾക്കെതിരെയുള്ള യു.എസ് ഇടപെടലുകൾക്കെതിരെ കഴിഞ്ഞ മാസം ഹവാനയിൽ നടന്ന വൻ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെയുള്ള വാഷിങ്‌ടണിൻ്റെ നപടികൾ സമീപകാലത്തായി കൂടുതൽ കർശനമായി തുടരുകയാണ്.
കഴിഞ്ഞ മാസം ക്യൂബൻ വാർത്താവിനിമയ മന്ത്രി, പ്രമുഖ സൈനിക നേതാക്കൾ, പ്രധാന രഹസ്യാന്വേഷണ ഏജൻസി എന്നിവരുൾപ്പെടെ 11 ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, 1996ൽ രണ്ട് ക്യൂബൻ അഭയാർഥി വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോക്കെതിരെ അമേരിക്ക കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.