10/06/2026
[fontresizer_tawhidurrahmandear_widget]

ഹോം ടൂർ വീഡിയോയിലൂടെ വീടും സ്വർണവും പ്രദർശിപ്പിച്ചു; എല്ലാം മനസ്സിലാക്കി കള്ളന്മാരെത്തി; യൂട്യൂബറുടെ വീട്ടിൽ 10 ലക്ഷത്തിന്റെ വൻ കവർച്ച

 ഹോം ടൂർ വീഡിയോയിലൂടെ വീടും സ്വർണവും പ്രദർശിപ്പിച്ചു; എല്ലാം മനസ്സിലാക്കി കള്ളന്മാരെത്തി; യൂട്യൂബറുടെ വീട്ടിൽ 10 ലക്ഷത്തിന്റെ വൻ കവർച്ച

ശിവപുരി: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ വൻ മോഷണം. നർവാർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മോഹനി ഗ്രാമത്തിൽ താമസിക്കുന്ന യൂട്യൂബറായ രചന ഗുർജറിന്റെ വീട്ടിലാണ് പത്ത് ലക്ഷത്തോളം രൂപയുടെ കവർച്ച നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ തൻ്റെ ആഡംബര ജീവിതവും സ്വർണ്ണാഭരണങ്ങളും വീടും മറ്റും ഇവർ സ്ഥിരമായി പ്രദർശിപ്പിച്ചിരുന്നു. യൂട്യൂബിലെ ഈ വീഡിയോകൾ കണ്ട് വീടിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മനസ്സിലാക്കിയാണ് മോഷ്ടാക്കൾ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അർദ്ധരാത്രിയോടെ വളരെ ആസൂത്രിതമായ രീതിയിലാണ് മോഷണം നടന്നത്. ചുറ്റുമതിലിലെ കമ്പിവേലി മുറിച്ചാണ് മോഷ്ടാക്കൾ വീടിനുള്ളിലേക്ക് കടന്നത്.

രചനയും കുടുംബാംഗങ്ങളും ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ വാതിൽ മോഷ്ടാക്കൾ ആദ്യം തന്നെ പുറത്തുനിന്ന് പൂട്ടി. പിന്നീട് വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഒരു നീളൻ വടിയുടെ സഹായത്തോടെ മുകളിലേക്ക് തിരിച്ചു വെച്ചു. ഇതിനുശേഷമാണ് ഇവർ താഴത്തെ നിലയിലെ അലമാരകളും പെട്ടികളും കുത്തിത്തുറന്ന് മോഷണം നടത്തിയത്. 1.91 ലക്ഷം രൂപ, സ്വർണ്ണ മാല, നാല് സ്വർണ്ണ മോതിരങ്ങൾ, നിരവധി വെള്ളി ആഭരണങ്ങൾ എന്നിവയുൾപ്പെടെ എട്ട് മുതൽ പത്ത് ലക്ഷം രൂപ വരെ വിലവരുന്ന സാധനങ്ങളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. വിലപിടിപ്പുള്ള ആഭരണങ്ങൾക്കും പണത്തിനും പുറമെ വീട്ടിലിരുന്ന ഒരു പെട്ടി എനർജി ഡ്രിങ്കും എടുത്തുകൊണ്ടാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്.

പുലർച്ചെ നാല് മണിയോടെ വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴാണ് തങ്ങളുടെ മുറി പുറത്തുനിന്ന് പൂട്ടിയ കാര്യം കുടുംബാംഗങ്ങൾ അറിയുന്നത്. തുടർന്ന് ഫോണിലൂടെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും അയൽക്കാരും എത്തിയാണ് വാതിൽ തുറന്നുനൽകിയത്. മുറിക്ക് പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് അലമാരകളും ലോക്കറും കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ ശിവപുരി അഡീഷണൽ എസ്.പി സഞ്ജീവ് മൂളെയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത പൊലീസ്, പ്രതികളെ പിടികൂടുന്നതിനായി പ്രദേശത്തെ മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

Also read: