കണ്ണൂരിൽ കാർ മരത്തിലിടിച്ച് 4 മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ തണൽമരത്തിലിടിച്ച് നാല് പേർ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് വരുന്നതിനിടെ ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‍വാൻ, അലവിൽ സ്വദേശി ഷാൻ സിറാജ് എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും തുടർന്ന് മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണണമെന്നാണ് പ്രാഥമിക നിഗമനം.