05/09/2026
[fontresizer_tawhidurrahmandear_widget]

പൊക്കിൽക്കൊടി പോലും പൂർണമായി മാറ്റാതെ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ടുകിട്ടി; ‘കിയാൻ’ ഇനി കേരളത്തിന്റെ കുഞ്ഞുരാജാവ്

 പൊക്കിൽക്കൊടി പോലും പൂർണമായി മാറ്റാതെ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ടുകിട്ടി; ‘കിയാൻ’ ഇനി കേരളത്തിന്റെ കുഞ്ഞുരാജാവ്

കൊച്ചി: കൊച്ചിയിൽ തട്ടുക്കടയ്ക്ക് മുൻപിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒമ്പത് മാസം പ്രായമുള്ള ആൺകുഞ്ഞിനെ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്നാണ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തത്. പേർഷ്യൻ, അറബിക് ഭാഷകളിൽ ‘രാജാവ്, രാജകീയം’ എന്ന് അർത്ഥം വരുന്ന ‘കിയാൻ’ എന്ന പേരാണ് കുഞ്ഞിന് അധികൃതർ നൽകിയിരിക്കുന്നത്.

എറണാകുളം ജനറൽ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് അധികൃതർക്ക് കൈമാറിയത്. മരട് പോലീസ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ വെറും 2.4 കിലോഗ്രാം മാത്രമുണ്ടായിരുന്ന തൂക്കം ഇപ്പോൾ 2.94 കിലോഗ്രാമായി വർദ്ധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി.

കഴിഞ്ഞ ജൂൺ 28ന് അർദ്ധരാത്രി 12.30 ഓടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കൊച്ചിയിലെ ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയുടെ ബെഞ്ചിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. ആ സമയത്ത് വഴിപോക്കനായ മിഥുൻ എന്ന യുവാവാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആദ്യം ശ്രദ്ധിക്കുന്നത്. ധാരാളം തെരുവ് നായ്ക്കളും കൊതുകുകളുമുള്ള ആ വിജനമായ സ്ഥലത്ത് കുഞ്ഞിന് കാവലായി നിന്ന മിഥുൻ ഉടൻ തന്നെ മരട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി കുഞ്ഞിനെ പരിശോധിച്ചപ്പോൾ പൊക്കിൾക്കൊടി പോലും പൂർണമായി മാറ്റാത്ത നിലയിലായിരുന്നു.

കുഞ്ഞിനെ നിയമപരമായി ദത്തെടുക്കലിന് യോഗ്യനാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ താൽക്കാലികമായി ഒരു പ്രത്യേക ദത്തെടുക്കൽ ഏജൻസിയുടെ സംരക്ഷണയിലായിരിക്കും കിയാൻ കഴിയുകയെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്‌സൺ ഉല്ലാസ് മധു അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച സാഹചര്യങ്ങളെക്കുറിച്ചും മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസിൽ നിന്നും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്നും സി.ഡബ്ല്യു.സി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഔദ്യോഗികമായി ‘ഉപേക്ഷിക്കപ്പെട്ട കുട്ടി’ എന്ന് പ്രഖ്യാപിക്കും. തുടർന്ന് കുഞ്ഞിന്റെ വിവരങ്ങൾ ഗസറ്റിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും.

നിശ്ചിത സമയത്തിനകം ആരും അവകാശവാദവുമായി എത്തിയില്ലെങ്കിൽ കുഞ്ഞിനെ നിയമപരമായി ദത്തെടുക്കാൻ അനുവാദമുള്ള കുട്ടിയായി പ്രഖ്യാപിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജയന്തി പി. നായർ വ്യക്തമാക്കി. കുടുംബം നിയമപരമായി കുഞ്ഞിനെ പോലീസിനോ അതോറിറ്റിക്കോ കൈമാറാത്തതിനാലാണ് ഈ നീണ്ട നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നത്. ഇതിനുശേഷം കുഞ്ഞിനെ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയിലും സ്‌റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിയിലും രജിസ്റ്റർ ചെയ്യുകയും സീനിയോറിറ്റി അനുസരിച്ച് ദത്തെടുക്കാൻ അപേക്ഷ നൽകിയിട്ടുള്ളവർക്ക് കൈമാറുകയും ചെയ്യും. കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും ആശുപത്രി രേഖകളും കേന്ദ്രീകരിച്ച് മരട് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Also read: