21/07/2026
[fontresizer_tawhidurrahmandear_widget]

ബ്രസീൽ തോറ്റു പുറത്തായതിന് അർജൻ്റീനയുടെ ഫ്ളക്സ് കീറി ആരാധകരുടെ രോഷം; സോഷ്യൽ മീഡിയയിൽ വൈറലായി മലപ്പുറത്ത് നിന്നുള്ള ദൃശ്യങ്ങൾ

 ബ്രസീൽ തോറ്റു പുറത്തായതിന് അർജൻ്റീനയുടെ ഫ്ളക്സ് കീറി ആരാധകരുടെ രോഷം; സോഷ്യൽ മീഡിയയിൽ വൈറലായി മലപ്പുറത്ത് നിന്നുള്ള ദൃശ്യങ്ങൾ

മലപ്പുറം: ലോകകപ്പിൽ നോർവെയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായതിലെ നിരാശയും രോഷവും അർജന്റീനയുടെ ഫ്ലക്സുകളോട് തീർത്ത് ബ്രസീൽ ആരാധകർ. മലപ്പുറം ഒതുക്കുങ്ങൽ നെട്ടിച്ചാടിയിൽ നിന്നാണ് ഫുട്ബോൾ ആവേശവും ആരാധകരുടെ നിരാശയും അതിരുകടക്കുന്ന ഈ കാഴ്ചകൾ പുറത്തുവന്നിരിക്കുന്നത്. ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ബ്രസീൽ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് നാട്ടിലെ ബ്രസീൽ ആരാധകർ ഫ്ലക്സുകൾക്കും കട്ടൗട്ടുകൾക്കും നേരെ തിരിഞ്ഞത്.

ബ്രസീൽ ടീം ടൂർണമെന്റിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിന്റെ സങ്കടത്തിൽ, ആരാധകർ തങ്ങളുടെ സ്വന്തം ടീമിന്റെ ബോർഡുകൾക്ക് പുറമെ എതിർ ടീമായ അർജന്റീനയുടെ കൂറ്റൻ ഫ്ലക്സുകളും വലിച്ചുകീറുകയും നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.

കേരളത്തിൽ, പ്രത്യേകിച്ച് ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് ലോകകപ്പ് കാലത്ത് ബ്രസീൽ – അർജന്റീന ആരാധകർ തമ്മിലുള്ള വാശിയും മത്സരവും വളരെ വലുതാണ്. ഈ കായിക വൈരം പലപ്പോഴും ഫ്ലക്സ് വെക്കുന്നതിലും വലിപ്പം കൂട്ടുന്നതിലും തുടങ്ങി ഇത്തരം സംഭവങ്ങളിലേക്ക് വരെ വഴിമാറാറുണ്ട്. നോർവെയോടുള്ള ബ്രസീലിന്റെ തോൽവി ആരാധകരെ വലിയ രീതിയിലാണ് നിരാശരാക്കിയിരിക്കുന്നത്. ഈ നിരാശയാണ് നെട്ടിച്ചാടിയിലെ അർജന്റീനയുടെ ഫ്ലക്സ് ബോർഡുകൾക്ക് മേൽ ആരാധകർ തീർത്തത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾക്ക് താഴെ ഇരു ടീമുകളുടെയും ആരാധകർ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളുമായി രംഗത്തെത്തുന്നുണ്ട്.

Also read: