‘സർക്കാരുമായുള്ള അടുപ്പമാണോ അവാർഡിനുള്ള മാനദണ്ഡം?’; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ചന്തു സലീം കുമാർ
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ജൂറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് യുവനടൻ ചന്തു സലീം കുമാർ രംഗത്ത്. സർക്കാരുമായുള്ള അടുപ്പമാണോ അവാർഡുകൾ നിർണയിക്കുന്നതിനുള്ള മാനദണ്ഡമെന്ന് ചോദിച്ച അദ്ദേഹം, അത്തരത്തിൽ പുരസ്കാരം നേടുന്ന സിനിമകൾ ജനങ്ങളുടെ ഓർമയിൽ അധികകാലം നിലനിൽക്കില്ലെന്നും വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ ഈ വിമർശനം. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’, ‘കിഷ്‌കിന്ധാ കാണ്ഡം’ എന്നീ ചിത്രങ്ങളെ അവാർഡുകളിൽ നിന്നും പൂർണ്ണമായി തഴഞ്ഞതിനെതിരെയാണ് ചന്തുവിന്റെ ഈ പ്രതികരണമെന്നാണ് സൂചന.
“2050-ൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥി ഇന്നത്തെ ദേശീയ അവാർഡ് നേടിയ ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയോ ഭരണകൂടങ്ങളെയോ കുറിച്ച് അവർക്ക് അറിവുണ്ടാകണമെന്നില്ല. സ്ക്രീനിൽ കാണുന്ന സൃഷ്ടിയെ മാത്രമായിരിക്കും അവർ വിലയിരുത്തുക. അർഹതപ്പെട്ട മികച്ച സിനിമകളെ ഒഴിവാക്കി സാധാരണ ചിത്രങ്ങൾക്ക് പുരസ്കാരം നൽകിയത് ശ്രദ്ധയിൽപ്പെടുമ്പോൾ തീർച്ചയായും അവർ അതിനുള്ള കാരണം അന്വേഷിക്കും. കലാപരമായ പ്രതിഭയേക്കാൾ ഭരണകക്ഷിയോടുള്ള അടുപ്പമാണ് ഇതിന് കാരണമെന്ന ഉത്തരമാണ് അവർക്ക് ലഭിക്കുന്നതെങ്കിൽ, അതായിരിക്കും ചരിത്രം രേഖപ്പെടുത്തുക. അവാർഡ് ട്രോഫികൾ എന്നെന്നേക്കുമായി നിലനിൽക്കാം, പക്ഷേ അത് എങ്ങനെ നേടി എന്ന ചോദ്യവും അതിനൊപ്പം എക്കാലത്തും അവശേഷിക്കും,” ചന്തു കുറിപ്പിൽ വിശദീകരിച്ചു.
പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടതാണെന്നും, അവ രാഷ്ട്രീയ താല്പര്യങ്ങളുടെ പ്രതിഫലനമാകരുതെന്നും മറിച്ച് കലാപരമായ മികവിനുള്ള അംഗീകാരമായി നിലകൊള്ളണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അവാർഡുകളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ, തങ്ങളുടെ കാലത്തെ മികച്ച ചിത്രങ്ങളായല്ല, മറിച്ച് മെരിറ്റിനേക്കാൾ അധികാരത്തിന് മുൻഗണന ലഭിച്ചപ്പോൾ വിജയിച്ച ചിത്രങ്ങളായിട്ടായിരിക്കും ഇവ ഓർക്കപ്പെടുക എന്നും ചന്തു കൂട്ടിച്ചേർത്തു.
മികച്ച കഥ, തിരക്കഥ, ചിത്രം, സംവിധാനം തുടങ്ങി ഒട്ടുമിക്ക വിഭാഗങ്ങളിലും അവസാന റൗണ്ട് വരെ ശക്തമായ മത്സരം കാഴ്ചവെച്ച ‘മഞ്ഞുമ്മൽ ബോയ്‌സ്’, ‘കിഷ്‌കിന്ധാ കാണ്ഡം’ എന്നീ സിനിമകൾ അവസാന നിമിഷം തഴയപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ഹിന്ദി ചിത്രമായ ‘ആർട്ടിക്കിൾ 370’ ആണ് ഇത്തവണ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.