‘കോവിഡ് സമയത്ത് പ്രവർത്തിച്ചത് സ്വന്തം നഷ്ടങ്ങൾ വകവയ്ക്കാതെ, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു’; വിശദീകരണവുമായി ഡോ. മുഹമ്മദ് അഷീൽ
തിരുവനന്തപുരം: കോവിഡ് കാലത്തെ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഉയർന്ന കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നതായി സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. കോവിഡ് മഹാമാരിയുടെ സമയത്ത് സ്വന്തം നഷ്ടങ്ങൾ വകവയ്ക്കാതെയാണ് ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിലെ ജോലിയുടെ സ്വഭാവം കാരണം വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാൻ നിർവാഹമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്നത്തെ പ്രവർത്തനങ്ങളിൽ പൂർണ അഭിമാനമുണ്ടെന്ന് കുറിച്ചു. ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ആ സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും പൂർണ ആത്മാർത്ഥതയോടെയും നിയമവിധേയമായുമാണ് നടപ്പിലാക്കിയത്. ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. തനിക്കൊപ്പം അങ്ങേയറ്റം പ്രതിബദ്ധതയുള്ള ഒരു ടീമാണ് പ്രവർത്തിച്ചതെന്നും ഡോ. മുഹമ്മദ് അഷീൽ കൂട്ടിച്ചേർത്തു.
“അന്വേഷണങ്ങൾ നടക്കട്ടെ, അതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു. കൂടുതലൊന്നും പറയുന്നില്ല, ചരിത്രം ഞങ്ങളോട് കൂടുതൽ ദയയുള്ളതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഡോ. മുഹമ്മദ് അഷീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.