06/08/2026
[fontresizer_tawhidurrahmandear_widget]

ഇ20 പെട്രോൾ ഉപയോഗിച്ചാൽ ഇൻഷുറൻസ് ക്ലെയിം തള്ളുമോ? ഒരു കുഴപ്പവുമില്ലെന്ന് ബിജെപി ഐടി സെൽ;ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?പിന്നാലെ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം

 ഇ20 പെട്രോൾ ഉപയോഗിച്ചാൽ ഇൻഷുറൻസ് ക്ലെയിം തള്ളുമോ? ഒരു കുഴപ്പവുമില്ലെന്ന് ബിജെപി ഐടി സെൽ;ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?പിന്നാലെ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇ20 എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാൻ കാരണമാകുമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് വാഹന ഉടമകളുടെ ആശങ്കകൾക്ക് വിരാമമിട്ട് പുതിയ വിശദീകരണം നൽകിയത്. ഇ20 പെട്രോൾ ഉപയോഗിക്കുന്നതിന്റെ പേരിൽ മാത്രം ഒരു വാഹനത്തിന്റെയും ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ കഴിയില്ലെന്ന് സർക്കാർ അസന്നിഗ്ധമായി വ്യക്തമാക്കി.

യാതൊരു ആശങ്കയുമില്ലാതെ ഉപഭോക്താക്കൾക്ക് ഇ20 ഇന്ധനം ഉപയോഗിക്കാമെന്നും, ഇൻഷുറൻസ് പോളിസി അസാധുവാകുമെന്ന വാദങ്ങൾ വ്യാജമാണെന്നും കാണിച്ച് ബി.ജെ.പിയും പി.ഐ.ബി ഫാക്ട് ചെക്കും നേരത്തെ എക്സിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് മന്ത്രാലയത്തിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നത്.

എഥനോൾ കലർത്തിയ പെട്രോൾ എഞ്ചിനുകൾക്ക് വ്യാപകമായ കേടുപാടുകൾ വരുത്തുമെന്നും പ്രാണികളെ ആകർഷിക്കുമെന്നുമുള്ള വാദങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് സർക്കാർ തള്ളിക്കളഞ്ഞു. എണ്ണ വിപണന കമ്പനികൾ, വാഹന നിർമ്മാതാക്കൾ, ഇന്ധന പരിശോധനാ ഏജൻസികൾ എന്നിവരുമായി കൂടിയാലോചിച്ച് ശാസ്ത്രീയമായി സാധൂകരിച്ചതിന് ശേഷമാണ് കേന്ദ്ര സർക്കാർ എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം നടപ്പിലാക്കുന്നത്. 2023-ൽ ഇ20 പെട്രോൾ അവതരിപ്പിച്ചതിന് ശേഷം എഥനോൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എഞ്ചിൻ തകരാറുകളോ വാഹനങ്ങൾക്ക് കേടുപാടുകളോ സംഭവിച്ചതായി വ്യാപകമായ റിപ്പോർട്ടുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഐ.സി.ഐ.സി.ഐ ലൊംബാർഡ് പോലുള്ള പ്രമുഖ ഇൻഷുറൻസ് കമ്പനികളും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇ20 ഇന്ധനം ഉപയോഗിച്ചു എന്നത് കൊണ്ടുമാത്രം വാഹനത്തിന്റെ വാറന്റിയോ ഇൻഷുറൻസോ റദ്ദാക്കില്ലെന്നും, ക്ലെയിം നിരസിക്കാൻ ഇന്ധനത്തിന്റെ തരം മാത്രം ഒരുകാരണമായി കണക്കാക്കില്ലെന്നും ഇവർ ഉറപ്പുനൽകുന്നു.

എങ്കിലും, വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളും ഇൻഷുറൻസ് വിദഗ്ധർ ഇതിനൊപ്പം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇ20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ പോളിസി പൂർണ്ണമായി അസാധുവാകില്ലെങ്കിലും, ഈ ഇന്ധനം ഉപയോഗിക്കാൻ സാങ്കേതികമായി അനുയോജ്യമല്ലാത്ത പഴയ മോഡൽ വാഹനങ്ങളിൽ ഇ20 നിറയ്ക്കുകയും അത് എഞ്ചിൻ തകരാറിലേക്ക് നയിക്കുകയും ചെയ്താൽ ആ തകരാറുകൾ ഇൻഷുറൻസ് പരിധിയിൽ വന്നേക്കില്ല. തെറ്റായ ഇന്ധന ഉപയോഗം മൂലമുണ്ടാകുന്ന ‘കോൺസിക്വൻഷ്യൽ ഡാമേജ്’ അല്ലെങ്കിൽ വാഹന ഉടമയുടെ അശ്രദ്ധ എന്ന നിലയിലാകും ഇത്തരം കേസുകളിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകളെ വിലയിരുത്തുക.

എഞ്ചിൻ പ്രൊട്ടക്ഷൻ പോലുള്ള അധിക പരിരക്ഷകൾ ഉണ്ടെങ്കിൽപ്പോലും ഇന്ധനം മാറിയടിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഗണിക്കപ്പെടാറില്ല. അതിനാൽ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടാതിരിക്കാൻ സ്വന്തം വാഹനം ഇ20 ഇന്ധനത്തിന് അനുയോജ്യമാണോ എന്ന് വാഹനത്തിന്റെ മാന്വൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ഉപഭോക്താക്കളുടെ കൂടി ഉത്തരവാദിത്തമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Also read: