26/07/2026
[fontresizer_tawhidurrahmandear_widget]

ധർമേന്ദ്ര പ്രധാന്റെ രാജി ആഘോഷിക്കുന്നതിനിടെ ഉമർ ഖാലിദിന് പിന്തുണ; ഗോവയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

 ധർമേന്ദ്ര പ്രധാന്റെ രാജി ആഘോഷിക്കുന്നതിനിടെ ഉമർ ഖാലിദിന് പിന്തുണ; ഗോവയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

പനാജി: മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആഘോഷിക്കുന്നതിനിടെ, തടവിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് യുവാക്കളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പനാജിയിലെ ആസാദ് മൈതാനത്താണ് സംഭവം നടന്നത്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) നേതൃത്വത്തിൽ നടന്നുവന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. ഈ രാജി ആഘോഷിക്കാനായി ആസാദ് മൈതാനത്ത് ഒത്തുകൂടിയവർക്കിടയിലാണ് ദാനിഷ് എന്ന യുവാവ് ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡ് ഉയർത്തിയത്. ഉമർ ഖാലിദിനെ ജയിൽ മോചിതനാക്കണമെന്ന് ഇയാൾ മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ദാനിഷിനെ കസ്റ്റഡിയിലെടുത്തത്. സ്വന്തം മേൽവിലാസമോ വ്യക്തിവിവരങ്ങളോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകാത്തതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

ദാനിഷിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആസാദ് മൈതാനത്തുണ്ടായിരുന്നവർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും മോചനമാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ പ്രതിഷേധത്തിനിടെ സുദിൻ ദാൽവി എന്ന മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരുടെ പേരിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, അറസ്റ്റിലായവർക്കെതിരെ കർശന നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോർച്ച നേതാക്കൾ പനാജി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ് നിലവിൽ ഉമർ ഖാലിദ്.

Also read: