20/07/2026
[fontresizer_tawhidurrahmandear_widget]

’15 മണിക്കൂർ വിശ്രമമില്ലാതെ ജോലി,ഫോണില്ല, ശമ്പളവുമില്ല’; ഒമാനിൽ വീട്ടുജോലിക്കെത്തിയ യുവതിക്ക് ക്രൂരപീഡനം; രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ അഭയം തേടി

 ’15 മണിക്കൂർ വിശ്രമമില്ലാതെ ജോലി,ഫോണില്ല, ശമ്പളവുമില്ല’; ഒമാനിൽ വീട്ടുജോലിക്കെത്തിയ യുവതിക്ക് ക്രൂരപീഡനം; രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ അഭയം തേടി

ഹൈദരാബാദ്: മികച്ച ശമ്പളവും ജോലിയും വാഗ്ദാനം ചെയ്ത് ഒമാനിലെ മസ്‌കത്തിൽ വീട്ടുജോലിക്കെത്തിച്ച ഹൈദരാബാദ് സ്വദേശിനിക്ക് ക്രൂരപീഡനം. തെലങ്കാന സ്വദേശിയായ ശബ്‌നം ബീഗം (26) ആണ് ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായത്. ഏജന്റിന്റെയും സ്പോൺസറുടെയും പീഡനം സഹിക്കവയ്യാതെ തൊഴിലുടമയുടെ പക്കൽ നിന്നും രക്ഷപ്പെട്ട യുവതി നിലവിൽ മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. താൻ നേരിട്ട ദുരിതങ്ങൾ വിവരിച്ച് ഒരു രാഷ്ട്രീയ നേതാവിന് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.

പ്രതിമാസം 200 ഒമാനി റിയാൽ (ഏകദേശം 50,000 രൂപ) ശമ്പളം വാഗ്ദാനം ചെയ്താണ് കഴിഞ്ഞ മാർച്ച് 26-ന് ഒരു പ്രാദേശിക റിക്രൂട്ടിങ് ഏജൻ്റ് മുഖേന ശബ്‌നം മസ്‌കത്തിലെത്തിയത്. എന്നാൽ, അവിടെയെത്തിയ ശേഷം വിവിധ വീടുകളിലായി പ്രതിദിനം 12 മുതൽ 15 മണിക്കൂർ വരെ വിശ്രമമില്ലാതെ ജോലി ചെയ്യാൻ ഇവർ നിർബന്ധിതയായി. കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളമൊന്നും നൽകിയിട്ടില്ലെന്നും, കൃത്യമായി ഭക്ഷണമോ താമസസൗകര്യമോ നൽകിയിരുന്നില്ലെന്നും യുവതി വിതുമ്പിക്കൊണ്ട് പറയുന്നു. ഒന്നര മാസത്തോളം മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും ഇവരെ അനുവദിച്ചിരുന്നില്ല.

ഏജന്റുമാർ പാസ്‌പോർട്ട് പിടിച്ചുവെച്ചിരിക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് യുവതിയുള്ളത്. ഹൈദരാബാദിലെ മജ്‌ലിസ് ബച്ചാവോ തഹ്രീക് (എം.ബി.ടി) നേതാവായ അംജദ് ഉള്ളാ ഖാനാണ് യുവതി സഹായമഭ്യർഥിച്ചുകൊണ്ട് വീഡിയോ സന്ദേശം അയച്ചത്. അദ്ദേഹം ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയും, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോടും ഇന്ത്യൻ എംബസിയോടും വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ട മസ്‌കത്തിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി പ്രതികരിക്കുകയും, അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യുവതിയെ എത്രയും വേഗം സുരക്ഷിതമായി ഹൈദരാബാദിൽ തിരിച്ചെത്തിക്കണമെന്നും, വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച റിക്രൂട്ടിങ് ഏജൻ്റിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുടുംബവും എം.ബി.ടി നേതാവും ആവശ്യപ്പെട്ടു.

Also read: