01/08/2026
[fontresizer_tawhidurrahmandear_widget]

ഗസ്സയിൽ ആശുപത്രിയും പരിശീലന കേന്ദ്രവും സ്ഥാപിക്കാൻ ഇന്ത്യ; പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഫലസ്തീൻ എംബസി

 ഗസ്സയിൽ ആശുപത്രിയും പരിശീലന കേന്ദ്രവും സ്ഥാപിക്കാൻ ഇന്ത്യ; പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഫലസ്തീൻ എംബസി

ന്യൂഡൽഹി: ഗസ്സയുടെ പുനർനിർമ്മാണത്തിനും അവശ്യസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യ പ്രഖ്യാപിച്ച പുതിയ വികസന പദ്ധതികളെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ഫലസ്തീൻ എംബസി. ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന ഒരു സ്പെഷ്യാലിറ്റി ആശുപത്രി, യുദ്ധത്തിൽ അവയവങ്ങൾ നഷ്ടപ്പെട്ടവർക്കായി കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ഫിറ്റ്മെൻ്റ് സെൻ്റർ, യുവാക്കൾക്ക് തൊഴിൽ നൈപുണ്യം നൽകുന്നതിനുള്ള വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നിർമ്മിച്ചു നൽകുമെന്നാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബ്രസൽസിൽ നടന്ന ഫലസ്‌തീൻ ഡോണർ ഗ്രൂപ്പ് യോഗത്തിലാണ് ഇന്ത്യ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ നിർണ്ണായക ഘട്ടത്തിൽ പിന്തുണ നൽകിയ ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഫലസ്തീൻ എംബസി ഹൃദയംഗമമായ നന്ദി അറിയിച്ചു.

നിലവിൽ സമാനതകളില്ലാത്ത മാനുഷിക പ്രതിസന്ധികളിലൂടെയാണ് ഗസ്സയിലെ ജനങ്ങൾ കടന്നുപോകുന്നത്. ആക്രമണങ്ങളിൽ അവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ ഭൂരിഭാഗവും തകരുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്തിട്ടുണ്ട്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമവുമുണ്ട്. യുദ്ധത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും കൈകാലുകൾ നഷ്ടപ്പെടുകയും ചെയ്ത പതിനായിരക്കണക്കിന് ആളുകൾക്ക് ഇന്ത്യ നിർമ്മിക്കുന്ന ആശുപത്രിയും കൃത്രിമ അവയവ നിർമ്മാണ കേന്ദ്രവും വലിയൊരു ആശ്വാസമാകും. ഇതിനുപുറമെ, യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകാൻ ലക്ഷ്യമിട്ടുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രദേശത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും പുതിയൊരു തലമുറയെ വാർത്തെടുക്കുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്ക് താത്കാലിക അംഗത്വത്തിനായുള്ള ഇന്ത്യയുടെ ക്യാമ്പയിൻ ഉദ്ഘാടന വേളയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഈ പദ്ധതികളെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്. ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിക്ക് (UNRWA) ഇന്ത്യ നൽകിവരുന്ന നിരന്തര പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു. പല ലോക രാജ്യങ്ങളും ഏജൻസിക്കുള്ള ധനസഹായം വെട്ടിക്കുറച്ചപ്പോഴും ഇന്ത്യ തങ്ങളുടെ സഹായം തുടർന്നിരുന്നു. പ്രതിവർഷം അഞ്ച് മില്യൺ യു.എസ് ഡോളറാണ് ഇന്ത്യ ഈ ഏജൻസിക്ക് നൽകിവരുന്നത്. ഇതിൽ ഈ വർഷത്തെ ആദ്യ ഗഡുവായ 2.5 മില്യൺ ഡോളർ ഇന്ത്യ കൃത്യമായി കൈമാറുകയും ചെയ്തു. ഏജൻസിയുടെ ഏറ്റവും മികച്ച പിന്തുണക്കാരുടെ പട്ടികയിലാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം.

ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന ദ്വിരാഷ്ട്ര ഫോർമുല എന്ന ഇന്ത്യയുടെ ഉറച്ച നിലപാടിനും, ഐക്യരാഷ്ട്രസഭയിൽ ഫലസ്‌തീന് പൂർണ്ണ അംഗത്വം നൽകാനുള്ള ഇന്ത്യൻ പിന്തുണയ്ക്കും എംബസി പ്രത്യേകം നന്ദി രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഇന്ത്യയുടെ അർപ്പണബോധത്തെയും ഫലസ്‌തീൻ ജനതയോടുള്ള ദീർഘകാല സൗഹൃദത്തെയും എംബസി പ്രശംസിച്ചു.

Also read: