21/07/2026
[fontresizer_tawhidurrahmandear_widget]

മെസ്സിയെ മുട്ടുകുത്തിച്ച, അർജന്റീനൻ ആക്രമണങ്ങളുടെ മുനയൊടിച്ച ഗ്ലൗസുകൾ; അറ്റ്ലാന്റയിൽ ഉയർന്നുനിന്ന ‘ഈജിപ്ഷ്യൻ ഫറവോൻ’; മുസ്തഫ ഷൊബൈർ!

 മെസ്സിയെ മുട്ടുകുത്തിച്ച, അർജന്റീനൻ ആക്രമണങ്ങളുടെ മുനയൊടിച്ച ഗ്ലൗസുകൾ; അറ്റ്ലാന്റയിൽ ഉയർന്നുനിന്ന ‘ഈജിപ്ഷ്യൻ ഫറവോൻ’; മുസ്തഫ ഷൊബൈർ!

അറ്റ്ലാന്റയിലെ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിലേക്ക് സാക്ഷാൽ ലയണൽ മെസ്സിയുടെ മാന്ത്രിക പ്രകടനം കാണാനായി ഒഴുകിയെത്തിയ ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിക്കുന്ന ഒരു ഈജിപ്ഷ്യൻ പോരാട്ടം. 2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 16 മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഈജിപ്ത് അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. കളിയുടെ പതിനഞ്ചാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ അപ്രതീക്ഷിതമായി ഈജിപ്ത് ലീഡ് നേടിയപ്പോൾ അർജന്റീനൻ ക്യാമ്പ് ശരിക്കും ഒന്നുലഞ്ഞു. എന്നാൽ വെറും ആറ് മിനിറ്റുകൾക്കകം അർജന്റീനയ്ക്ക് ഒപ്പമെത്താൻ ഒരു സുവർണ്ണാവസരം ലഭിച്ചു, ഒരു പെനാൽറ്റി. കിക്കെടുക്കാൻ വന്നത് സാക്ഷാൽ മെസ്സി. ഗോൾവല കാക്കാൻ ഈജിപ്ഷ്യൻ താരം മുസ്തഫ ഷൊബൈറും. അവിടെ വെച്ചായിരുന്നു എല്ലാത്തിൻ്റെയും തുടക്കം.

മെസ്സിയുടെ ഷോട്ട് ഏത് ദിശയിലേക്കാണെന്ന് കൃത്യമായി കണക്കുകൂട്ടിയ ഷൊബൈർ തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ഇരു കൈകളും ഉപയോഗിച്ച് ആ പന്ത് സമർത്ഥമായി തട്ടിയകറ്റിയപ്പോൾ ഫുട്ബോൾ ലോകം അക്ഷരാർത്ഥത്തിൽ അമ്പരന്നു. 2026 ലോകകപ്പിൽ മെസ്സി നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ പെനാൽറ്റിയായിരുന്നു അത്. മെസ്സി പെനാൽറ്റിയെടുക്കുന്നത് അല്ലെങ്കിലേ ആരാധകർക്ക് ആധിയുള്ള കാര്യമാണ്. അവിടെ കൊണ്ടും തീർന്നില്ല, പിന്നീടങ്ങോട്ട് മുസ്തഫ ഷൊബൈർ ചിലന്തി വല കെട്ടിയതുപോലെ അർജൻ്റീനക്ക് ഒരു പഴുതും കൊടുത്തില്ല.

മാക്ക് അല്ലിസ്റ്ററിൻ്റെ ​ഗോളെന്നുറപ്പിച്ച ക്ലോസ് റേഞ്ച് ​ഹെഡർ തട്ടിയകറ്റി. ജൂലിയൻ അൽവാരസ് തൊടുത്ത ഷോട്ടും സമർത്ഥമായി സേവ് ചെയ്തു മുസ്തഫ ഷൊബൈർ . രണ്ടാം പകുതിയിൽ മൊസ്തഫ സീക്കോയിലൂടെ(67) ഈജിപ്ത് രണ്ടാം ഗോളും നേടിയതോടെ അർജൻ്റീന തോറ്റെന്ന് ലോകം വിശ്വസിച്ചു. വീണ്ടും വീണ്ടും ആക്രമിച്ചു കളിച്ച നീലപ്പടക്ക് വില്ലനായി ​ഈജിപ്ഷ്യൻ കീപ്പർ പോസ്റ്റിന് മുന്നിലുണ്ടായിരുന്നു.

അവസാന 11 മിനിറ്റിൽ ലോകചാമ്പ്യന്മാർ തങ്ങളുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തു. കേപ് വെർഡെക്കെതിരെ എക്സ്‌ട്രാ ടൈമിൽ 3-2ന് കഷ്ടിച്ച് രക്ഷപ്പെട്ടതിൻ്റെ കൃത്യമായ തനിയാവർത്തനം. പ്രതിസന്ധികളിൽ തളരാതെ പൊരുതാനുള്ള ലയണൽ സ്‌ലോണിയുടെ സംഘത്തിന്റെ അസാമാന്യമായ നിശ്ചയദാർഢ്യമാണ് അവിടെ കണ്ടത്. ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴിയിൽ നിന്ന്, അവർ വീണ്ടും ജീവൻ വീണ്ടെടുക്കുകയായിരുന്നു. അതുവരെ ​ഗോൾ പോസ്റ്റിന് ലോക്കിട്ടിരുന്ന മോസ്തഫ ഷോബീറിന് അടിയറവു പറയേണ്ടി വന്നു.79-ാം മിനിറ്റിൽ വലതു പാർശ്വത്തിൽ നിന്നും മെസ്സി അളന്നുമുറിച്ചു നൽകിയ അതിമനോഹരമായ ക്രോസ് ക്രിസ്റ്റ്യൻ റൊമേറോ ഹെഡറിലൂടെ വലയിലാക്കി. ഈ ഒരൊറ്റ അസിസ്റ്റിലൂടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ലോകകപ്പ് അസിസ്റ്റുകളുടെ റെക്കോർഡും മെസ്സി പഴങ്കഥയാക്കി. ചരിത്രത്തിൻ്റെ ഭാരം മെസ്സി ഒറ്റനിമിഷം കൊണ്ട് കുടഞ്ഞെറിഞ്ഞു.

നാല് മിനിറ്റുകൾക്ക് ശേഷം സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു. ഗോൺസാലോ മോണ്ടിയൽ നൽകിയ പാസിൽ നിന്ന് ബോക്‌സിനുള്ളിൽ വെച്ച് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ, ഒരു കിടിലൻ ഇടങ്കാലൻ ഷോട്ടിലൂടെ മെസ്സി അർജൻ്റീനയെ ഒപ്പമെത്തിച്ചു. ഈജിപ്ഷ്യൻ കീപ്പർക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ടൂർണമെൻ്റിൽ താരത്തിന്റെ എട്ടാം ഗോളായിരുന്നു ഇത്. ഇതോടെ കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ് എന്നിവരെ മറികടന്ന് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സി ഒറ്റയ്ക്ക് ഒന്നാമതെത്തുകയും ചെയ്തു.

പിന്നീട് ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനസിൻ്റെ പാസിൽ നിന്ന് എൻസോ ഫെർണാണ്ടസ് വിജയഗോൾ കൂടി നേടിയതോടെ ആഫ്രിക്കൻ വൻമതിൽ പൂർണ്ണമായും തകർന്നു വീണു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ആശ്വാസത്തോടെ ഗ്രൗണ്ടിൽ മുട്ടുകുത്തി കരയുന്ന മെസ്സിയെയാണ് ലോകം കണ്ടത്. കേപ് വെർഡെക്കെതിരായ മത്സരത്തിന് സമാനമായി, പരാജയത്തിൻ്റെ പടുകുഴിയിൽ നിന്ന് പൊരുതിക്കയറി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുകയാണ് അർജൻ്റീന. തോൽവിയുടെ വക്കിൽ നിൽക്കുമ്പോഴാണ് ഈ ടീം ഏറ്റവും അപകടകാരികളാകുന്നത് എന്ന് അവർ വീണ്ടും തെളിയിച്ചിരിക്കുന്നു. തങ്ങളെ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്ന കൃത്യമായ മുന്നറിയിപ്പോടെ ലോകചാമ്പ്യന്മാർ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നു.

മത്സര ശേഷം സാക്ഷാൽ ലയണൽ മെസ്സി തന്നെ മുസ്തഫ ഷൊബൈറിനെ വാനോളം പുകഴ്ത്തിയത് മാത്രം മതി അദ്ദേഹത്തിൻ്റെ പ്രകടനത്തിൻ്റെ ആഴം മനസ്സിലാക്കാൻ. അതു തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ വിജയവും.

പ്രമുഖ ഈജിപ്ഷ്യൻ ക്ലബ്ബായ അൽ അഹ്ലിക്ക് വേണ്ടി കളിക്കുന്ന താരമാണ് മുസ്തഫ ഷൊബൈർ. 2020 മുതൽ ക്ലബ്ബിനായി ഇതിനോടകം 63 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഷോബീർ, ദേശീയ ടീമിനായി 14 മത്സരങ്ങളിലും വലകാത്തു. 2025-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനുള്ള സ്ക്വാഡിൽ ഇടംനേടിയ അദ്ദേഹം ഈ ലോകകപ്പിലെ ഈജിപ്തിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ കൂടിയാണ്.

ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഷോബീർ പെനാൽറ്റി തടയുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇറാൻ താരം മെഹ്ദി താരിമിയുടെ കിക്കും അദ്ദേഹം രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ലോകകപ്പിൽ രണ്ട് പെനാൽറ്റികൾ (ഷൂട്ടൗട്ട് അല്ലാതെ) തടയുന്ന ചരിത്രത്തിലെ നാലാമത്തെ ഗോൾകീപ്പറും ആദ്യത്തെ ആഫ്രിക്കൻ താരവുമായി അദ്ദേഹം മാറി. 1974-ൽ ജാൻ തോമസ്സെവ്സ്കി, 2002-ൽ ബ്രാഡ് ഫ്രീഡൽ, 2022-ൽ വോയ്ചെക് ഷെസ്നി എന്നിവരാണ് ഇതിനു മുൻപ് ഈ എലൈറ്റ് ക്ലബ്ബിൽ ഇടംനേടിയവർ. ഷോബീറിന് ഫുട്ബോൾ പാരമ്പര്യം വെറുമൊരു യാദൃശ്ചികതയല്ല. 1990-ലെ ഫിഫ ലോകകപ്പിൽ ഈജിപ്തിനായി കളിച്ച മുൻ ഗോൾകീപ്പർ അഹമ്മദ് ഷോബീറിന്റെ മകനാണ് അദ്ദേഹം. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനും അയർലൻഡിനുമെതിരെ ഈജിപ്തിന് നിർണായക സമനിലകൾ നേടിക്കൊടുക്കുന്നതിൽ പിതാവ് അഹമ്മദ് ഷോബീർ വലിയ പങ്കുവഹിച്ചിരുന്നു. മുപ്പത്താറ് വർഷങ്ങൾക്കിപ്പുറം പിതാവിന്റെ അതേ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിച്ച് മകൻ ലോകകപ്പ് വേദിയിൽ ചരിത്രം രചിക്കുന്ന കാഴ്ച്ചയാണ് ഫുട്ബോൾ ആരാധകർ ഇപ്പോൾ ആവേശത്തോടെ ആഘോഷിക്കുന്നത്.

Also read: