കണ്ണിലൊഴിക്കാൻ ഐ ഡ്രോപ്പിന് പകരം കഫ് സിറപ്പ് നൽകി; മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഒന്നരവയസ്സുള്ള കുഞ്ഞിന് കാഴ്ച്ച നഷ്ടപ്പെട്ടു
ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന പിഞ്ചുകുഞ്ഞിന്റെ കണ്ണിൽ ഐ ഡ്രോപ്പ്സിന് പകരം ചുമയ്ക്കുള്ള മരുന്ന് ഒഴിച്ചതിനെ തുടർന്ന് കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള ബന്ദ സിവിൽ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ അനാസ്ഥ നടന്നത്. ഒന്നരവയസ്സുള്ള ആൺകുട്ടിയെ ജലദോഷവും കണ്ണിലെ ചുവപ്പും മാറ്റുന്നതിനാണ് പിതാവ് ഇന്ദ്രരാജ് വിശ്വകർമ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ട് ഒ.പി സ്ലിപ്പ് എടുത്ത ശേഷം കുഞ്ഞിന് ഇഞ്ചക്ഷനും മറ്റ് മരുന്നുകളും നൽകി. ഇതിനൊപ്പമാണ് കണ്ണിൽ ഒഴിക്കാനുള്ള മരുന്നും നൽകിയത്. എന്നാൽ ഐ ഡ്രോപ്പ്സിന് പകരം നൽകിയത് ചുമയ്ക്കുള്ള സിറപ്പായിരുന്നു. ഇത് കണ്ണിൽ ഒഴിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യനില അതിവേഗം വഷളാകാൻ തുടങ്ങി. മൂന്നോ നാലോ മണിക്കൂറോളം ആശുപത്രിയിൽ കാത്തുനിന്നിട്ടും മാറ്റമുണ്ടാകാത്തതിനെ തുടർന്ന് കുഞ്ഞിനെ സാഗറിലെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റി.
ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. തെറ്റായ മരുന്ന് ഉപയോഗിച്ചതുമൂലം കണ്ണിൽ ഗുരുതരമായ അണുബാധയുണ്ടായെന്നും ഇനി കാഴ്ചശക്തി വീണ്ടെടുക്കാനാകില്ലെന്നും എയിംസ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിന്റെ പിതാവ് ബന്ദ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നീതി ലഭിക്കാനായി താൻ നിരന്തരം പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ കുഞ്ഞിനെ ചികിത്സിച്ച പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. ഹിമാൻഷു ശർമ്മ നിഷേധിച്ചു. പുറത്തുവന്ന ചിത്രങ്ങളിലെ മരുന്നും താൻ ഒ.പി ടിക്കറ്റിൽ കുറിച്ച മരുന്നും ഒന്നല്ലെന്നും, ഫാർമസിയിൽ നിന്ന് എങ്ങനെ ആ മരുന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നുമാണ് ഡോക്ടറുടെ വാദം. കൂടാതെ കുഞ്ഞ് കടുത്ത പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്നും അതും കാഴ്ചയെ ബാധിക്കാൻ കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ അന്വേഷണത്തിനായി ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടർ കുറിച്ച മരുന്നാണോ രോഗിക്ക് ഫാർമസിയിൽ നിന്നും നൽകിയത് എന്നതടക്കമുള്ള മുഴുവൻ കാര്യങ്ങളും ഈ സമിതി അന്വേഷിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെറ്റുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ യോഗേന്ദ്ര ഖാതിക് അറിയിച്ചു.