‘ആണവ നിരായുധീകരണം അമേരിക്കൻ സഖ്യകക്ഷികളിൽ നിന്ന് തുടങ്ങട്ടെ’; നാറ്റോ ഉച്ചകോടിക്കെതിരെ ആഞ്ഞടിച്ച് ഉത്തര കൊറിയ
പ്രോങ്യാങ്: തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് പിന്നാലെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഉത്തര കൊറിയ. തങ്ങളുടെ നിയമപരമായ പരമാധികാരത്തെ ലോകത്തിന് ഭീഷണിയായി ചിത്രീകരിക്കുന്ന നാറ്റോ രാജ്യങ്ങളുടെ നടപടിയെ ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളിപ്പറഞ്ഞു. ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയുടെ സഖ്യകക്ഷികൾ സൈനിക ശക്തി വർധിപ്പിക്കുകയും ആയുധങ്ങൾ വൻതോതിൽ സംഭരിക്കുകയും ചെയ്യുകയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. അതിനാൽ തന്നെ ആണവ നിരായുധീകരണത്തിനായുള്ള ശ്രമങ്ങൾ ആദ്യം തുടങ്ങേണ്ടത് അമേരിക്കയുടെ സഖ്യകക്ഷികളായ ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമാണെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനുപുറമെ, നാറ്റോയുടെ ആണവ കരാറുകളിൽ പങ്കാളികളായ മറ്റ് രാജ്യങ്ങളുടെ ആണവ മോഹങ്ങളും ഈ നിരായുധീകരണ നടപടികളുടെ പരിധിയിൽ കൊണ്ടുവരണമെന്നും ഉത്തര കൊറിയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
പാശ്ചാത്യ രാജ്യങ്ങൾ ആവശ്യപ്പെടുന്നതുപോലെ തങ്ങൾ ഒരിക്കലും ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്നും, അതിനുള്ള സാധ്യതകൾ പൂർണ്ണമായും അവസാനിച്ചെന്നും ഉത്തര കൊറിയ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ആയുധശേഷി ഇനിയും വർധിപ്പിക്കാനാണ് തീരുമാനമെന്നും അവർ പ്രഖ്യാപിച്ചു. ലോകസമാധാനത്തേക്കാൾ ഭൗമരാഷ്ട്രീയ താല്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ഒരു അധിനിവേശ സഖ്യമായാണ് നാറ്റോ പ്രവർത്തിക്കുന്നതെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി.
തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ 50 ബില്യൺ ഡോളറിലധികം വരുന്ന സൈനിക സംഭരണ-വ്യവസായ കരാറുകൾ പ്രഖ്യാപിച്ചിരുന്നു. നാറ്റോ സഖ്യത്തിന്റെ പ്രതിരോധച്ചെലവിൻ്റെ വലിയൊരു ഭാഗം യൂറോപ്യൻ രാജ്യങ്ങൾ വഹിക്കണമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ് സഖ്യകക്ഷികൾ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനിടെ, ഉച്ചകോടിയിൽ പങ്കെടുത്ത ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെ മ്യുങ് നാറ്റോ രാജ്യങ്ങളുമായി ആയുധ ഗവേഷണത്തിലും വികസനത്തിലും കൂടുതൽ സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. തങ്ങളുടെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കാൻ ആവശ്യമായ എന്ത് നടപടിയും സ്വീകരിക്കുമെന്ന് ഉത്തര കൊറിയൻ ഭരണകൂടം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.