‘ജനഗണമനയും വന്ദേമാതരവും ഒന്നല്ല, ഞാൻ അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ’; വന്ദേമാതരം ഭേദഗതി ബില്ലിനെ എതിർത്ത് ഉവൈസി
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ ‘ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള ഭേദഗതി ബിൽ 2026’-നെതിരെ കടുത്ത വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം വാദിച്ചു. പാർലമെന്റിൽ ഈ ബിൽ പാസാക്കിയതിന് പിന്നാലെ പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ എതിർപ്പ് പരസ്യമാക്കിയത്. താനൊരു മുസ്ലീമാണെന്നും അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ലെന്നും ഉവൈസി പറഞ്ഞു. അല്ലാഹുവിന് പുറമെ മറ്റാരെയെങ്കിലും ആരാധിക്കുന്നത് തന്റെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയഗാനമായ ‘ജനഗണമന’യും ‘വന്ദേമാതര’വും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. ജനഗണമന പാടുമ്പോൾ അത് രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള ആദരവിനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ വന്ദേമാതരത്തിൽ ദേവതകളെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കാരണത്താൽ തന്നെ ഇവ രണ്ടും തികച്ചും വ്യത്യസ്തമാണെന്നും രണ്ടിനെയും ഒരുപോലെ കണക്കാക്കാൻ കഴിയില്ലെന്നും ഉവൈസി വിശദീകരിച്ചു. ഇതിനുപുറമെ, വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നൽകിയ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. 1950-ൽ മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് വന്ദേമാതരത്തിന് ദേശീയ ഗീതമെന്ന അംഗീകാരം നൽകിയത് വലിയൊരു തെറ്റായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാർലമെന്റിൽ ഇതിനായി ഔദ്യോഗികമായി ഒരു പ്രമേയവും പാസാക്കിയിരുന്നില്ലെന്നും, ഭരണഘടനയിൽ ഒരിടത്തും ‘ദേശീയ ഗീതം’ എന്നതിനെക്കുറിച്ച് കൃത്യമായ നിർവചനം നൽകിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയ ഭേദഗതി ബിൽ ഭരണഘടനയുടെ 25, 26, 29 അനുച്ഛേദങ്ങൾ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും സാംസ്കാരിക അവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഒവൈസി ആരോപിച്ചു. ഏതെങ്കിലും ഒരു പൗരന്റെ മതപരമായ വിശ്വാസങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യവും ചെയ്യാൻ അവരെ നിർബന്ധിക്കാൻ പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.