‘വിദ്യാഭ്യാസ പരിഷ്കരണ സമിതിയിൽ ഗോമൂത്ര വിദഗ്ധനും, വിദ്യാഭ്യാസത്തെ കുറിച്ച് ഇവർക്കെന്തറിയാം?’: പാർലമെന്റിൽ പരിഹാസവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഷ്കാരങ്ങൾ കൊണ്ടുവരാനുമായി പ്രധാനമന്ത്രി രൂപീകരിച്ച പ്രത്യേക സമിതിയെ പാർലമെന്റിൽ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. സമിതിയിലെ അംഗങ്ങൾക്കിടയിൽ ഒരു ‘ഗോമൂത്ര വിദഗ്ധൻ’ ഉണ്ടെന്ന് പരിഹസിച്ച പ്രിയങ്ക, ഇവർക്ക് വിദ്യാഭ്യാസ മേഖലയിൽ എന്ത് സംഭാവനയാണ് നൽകാൻ സാധിക്കുകയെന്ന് ലോക്സഭയിൽ ചോദിച്ചു. പ്രിയങ്ക സഭയിൽ ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെ ലക്ഷ്യമിട്ടാണ് ഈ പരിഹാസമെന്ന് ബി.ജെ.പി എം.പിമാർ തിരിച്ചടിച്ചു.
വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിനായി നേരത്തെ രൂപീകരിച്ച രാധാകൃഷ്ണൻ കമ്മിറ്റിക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. “ഇപ്പോഴിതാ പുതിയൊരു കമ്മിറ്റി. ഇതിൽ ഒരു മുൻ ഐ.ബി തലവനുണ്ട്, ഒരു ഐ.ടി കമ്പനി ഉടമയുണ്ട്, കൂടെയൊരു ഗോമൂത്ര വിദഗ്ധനും. ഈ സമിതിക്ക് നമ്മുടെ വിദ്യാഭ്യാസമേഖലയിൽ എന്ത് മാറ്റമാണ് കൊണ്ടുവരാൻ സാധിക്കുക? വിദ്യാഭ്യാസത്തെ കുറിച്ച് ഇവർക്കെന്തറിയാം?” പ്രിയങ്ക സഭയിൽ ചോദിച്ചു.
പ്രിയങ്കയുടെ പരാമർശത്തിനെതിരെ കടുത്ത ഭാഷയിൽ ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂർ രംഗത്തെത്തി. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും അധ്യാപകനും, പ്രധാനമന്ത്രിയുടെ എ.ഐ ടാസ്ക് ഫോഴ്സ് മുൻ ചെയർമാനുമായ പ്രൊഫ. കാമകോടിയെ അപമാനിച്ചതിൽ അദ്ദേഹം സഭയിൽ വിഷമം പ്രകടിപ്പിച്ചു. കാമകോടിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെങ്കിൽ അതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഗാന്ധി കുടുംബവും കോൺഗ്രസും നിരന്തരം രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുകയാണ്. പ്രിയങ്ക ഗാന്ധിയും സഹോദരനും ഒരേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അവരുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്ന എന്തോ വസ്തുവാണ് അവർ കഴിക്കുന്നത്. അതിന് പകരം അൽപം ഗോമൂത്രം കുടിക്കുന്നത് അവർക്ക് നന്നായിരിക്കും,” അനുരാഗ് ഠാക്കൂർ സഭയിൽ പറഞ്ഞു.
വി. കാമകോടിയുടെ വിവാദ പരാമർശം
2025 ജനുവരിയിൽ ചെന്നൈയിലെ ഒരു ഗോശാലയിൽ നടന്ന മാട്ടുപ്പൊങ്കൽ ചടങ്ങിൽ വെച്ചാണ് വി. കാമകോടി ഗോമൂത്രത്തെക്കുറിച്ചുള്ള വിവാദ പരാമർശം നടത്തിയത്. ഗോമൂത്രത്തിനും ചാണകത്തിനും ആന്റിബയോട്ടിക്ക്, ആൻ്റിഫംഗൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് മികച്ച ഔഷധമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കടുത്ത പനി വന്ന ഒരു സന്യാസിക്ക് ഗോമൂത്രം നൽകിയപ്പോൾ 15 മിനിറ്റിനുള്ളിൽ അസുഖം ഭേദമായെന്ന ഒരു കഥയും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഈ പ്രസ്താവന വലിയ വിവാദമായതോടെ, രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ച അഞ്ച് ശാസ്ത്രീയ ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യം പറഞ്ഞതെന്ന വിശദീകരണവുമായി കാമകോടി രംഗത്തെത്തി. താൻ വ്യക്തിപരമായി ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ ‘പഞ്ചഗവ്യം’ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇതുവെച്ചാണ് പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ സഭയിൽ പരിഹസിച്ചത്.