ബംഗാളിൽ മഹുവ മൊയ്ത്രക്കു നേരെ മുട്ടയേറ്; ‘പൊലീസ് നോക്കിനിൽക്കെ ബി.ജെ.പി ഗുണ്ടകളാണ് ആക്രമിച്ചതെന്ന് ടിഎംസി എംപി’
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പി മഹുവ മൊയ്ത്രക്കു നേരെ ആക്രമണം. കൃഷ്‌ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ ഒരു റെസ്റ്റോറന്റിൽ പ്രാദേശിക പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം ഇരിക്കവെയാണ് ഒരു സംഘം ആളുകൾ മഹുവയ്ക്ക് നേരെ മുട്ടയെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് അവർ ആരോപിച്ചു.
ബുധനാഴ്ചയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ മഹുവ തന്നെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. റെസ്റ്റോറന്റിന് പുറത്ത് തടിച്ചുകൂടിയ അക്രമിസംഘം ജനൽച്ചില്ലുകളിലേക്ക് മുട്ടയെറിയുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. റെസ്റ്റോറന്റിനുള്ളിൽ ഇരുന്നുകൊണ്ട് മൊബൈൽ ഫോണിലാണ് മഹുവ ഈ ദൃശ്യങ്ങൾ പകർത്തിയത്. പോലീസ് വെറും കാഴ്ചക്കാരായി നിൽക്കെയാണ് തനിക്ക് നേരെ ഈ അതിക്രമം നടന്നതെന്നും അവർ വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച തൃണമൂൽ കോൺഗ്രസ് നേതൃത്വം, ബി.ജെ.പി ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങളോട് ബി.ജെ.പി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.