21/07/2026
[fontresizer_tawhidurrahmandear_widget]

‘ജോലി ചെയ്യാനാവുന്നില്ല, പകുതി ശമ്പളം മതി, അല്ലെങ്കിൽ സ്ഥ‌ലംമാറ്റം’; രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ തുറന്നടിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെ കത്ത്

 ‘ജോലി ചെയ്യാനാവുന്നില്ല, പകുതി ശമ്പളം മതി, അല്ലെങ്കിൽ സ്ഥ‌ലംമാറ്റം’; രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ തുറന്നടിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെ കത്ത്

ലഖ്‌നൗ: രാഷ്ട്രീയക്കാരുടെ നിരന്തരമായ ഇടപെടലുകൾ കാരണം തനിക്ക് ഔദ്യോഗിക കൃത്യനിർവ്വഹണം സാധ്യമാകുന്നില്ലെന്ന ഗുരുതര ആരോപണവുമായി ഉത്തർപ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ. 2023 ബാച്ച് ഉദ്യോഗസ്ഥനും നിലവിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ (ജുഡീഷ്യൽ) റിങ്കു സിങ് റാഹിയാണ് സംസ്ഥാന അപ്പോയിൻമെൻ്റ് ആൻഡ് പഴ്സനൽ വിഭാഗത്തിന് അഞ്ച് പേജുള്ള കത്ത് നൽകിയത്. സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെങ്കിൽ തൻ്റെ ശമ്പളം വെട്ടിക്കുറച്ച് പകുതിയാക്കുകയോ, അല്ലെങ്കിൽ കൃത്യമായി ജോലി ചെയ്യാൻ സാധിക്കുന്ന മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുകയോ ചെയ്യണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

മന്ത്രിയുടെയും എം.എൽ.എയുടെയും ഇടപെടലുകൾ

യു.പി കാബിനറ്റ് മന്ത്രി സ്വതന്ത്ര ദേവ് സിങ്, ബി.ജെ.പി എം.എൽ.എ ഗൗരി ശങ്കർ വർമ എന്നിവർ ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നാണ് റാഹി കത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ജലൗണിൽ എസ്‌.ഡി.എം ആയി സേവനമനുഷ്ഠിക്കുന്ന സമയത്ത്, എം.എൽ.എയുടെയും മന്ത്രിയുടെയും പേരിലുള്ള അനധികൃത ഭൂമി കയ്യേറ്റ കേസുകളിൽ നടപടിയെടുക്കുന്നതിൽ നിന്നും ജില്ലാ മജിസ്ട്രേറ്റ് തന്നെ വിലക്കിയതായി അദ്ദേഹം ആരോപിക്കുന്നു.

മന്ത്രിയുടെ അടുത്ത ബന്ധുവായ രാമരാജ് നിരഞ്ജൻ്റെ ഉടമസ്ഥതയിലുള്ള കോൾഡ് സ്റ്റോറേജിലുണ്ടായ അപകടത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ സ്ഥാപനത്തിൽ യാതൊരുവിധ അഗ്നിശമന സംവിധാനങ്ങളും പ്രവർത്തിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ കേസിൽ കാര്യക്ഷമമായ രീതിയിൽ അന്വേഷണം പൂർത്തിയാക്കാൻ ഉന്നതർ അനുവദിച്ചില്ലെന്ന് റാഹി പറയുന്നു. മാത്രമല്ല, ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ജലൗൺ എസ്‌.ഡി.എം സ്ഥാനത്ത് നിന്നും എസ്‌.ഡി.എം (ജുഡീഷ്യൽ) സ്ഥാനത്തേക്ക് തന്നെ അടിയന്തരമായി മാറ്റിയെന്നും കത്തിൽ വ്യക്തമാക്കുന്നു.

ജലൗൺ ജില്ലാ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെയും റാഹി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ജനങ്ങളുടെ പരാതികൾ പരിഹരിക്കാനായി ജില്ലാ മജിസ്ട്രേറ്റ് നടത്തുന്ന ‘ജനതാ ദർശൻ’ പരിപാടി വെറുമൊരു ഔപചാരികതയും പ്രഹസനവുമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പരാതികളുടെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം, കേവലം താൽക്കാലിക പരിഹാരങ്ങൾ മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമപരമായി ജോലി ചെയ്യാൻ സാധിക്കുന്ന ജലൗണിലെ മറ്റേതെങ്കിലും പദവിയിലേക്കോ, വേറൊരു ജില്ലയിലേക്കോ തന്നെ മാറ്റണമെന്നാണ് റിങ്കു സിങ് റാഹിയുടെ അപേക്ഷ. ഉത്തർപ്രദേശിൽ ഇത്തരമൊരു നിയമനം സാധ്യമല്ലെങ്കിൽ, മറ്റ് ഏതെങ്കിലും സംസ്ഥാനത്തേക്ക് തന്നെ ഡെപ്യൂട്ടേഷനിൽ മാറ്റാൻ പരിഗണിക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

Also read: