23/07/2026
[fontresizer_tawhidurrahmandear_widget]

‘കണ്ണിന് പകരം കണ്ണല്ല, കണ്ണിന് പകരം തല’; ഇറാനെതിരെ ഭീഷണിയുമായി മാർക്കോ റൂബിയോ

 ‘കണ്ണിന് പകരം കണ്ണല്ല, കണ്ണിന് പകരം തല’; ഇറാനെതിരെ ഭീഷണിയുമായി മാർക്കോ റൂബിയോ

വാഷിങ്ടൺ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ ‘കണ്ണിന് പകരം കണ്ണ്’ എന്ന നയത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ ഭീഷണികൾക്കും ആക്രമണങ്ങൾക്കും ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നൽകുന്ന മറുപടി ‘കണ്ണിന് പകരം തല’ എന്ന രീതിയിലായിരിക്കുമെന്ന് റൂബിയോ മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ പുതിയ നയങ്ങൾ കാരണം ഇറാൻ വളരെ വലിയ വില നൽകേണ്ടി വരുമെന്ന് റൂബിയോ വ്യക്തമാക്കി. നിലവിൽ തന്നെ വലിയ സാമ്പത്തിക നഷ്ടങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നത്. രാജ്യത്തിന്റെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കപ്പെട്ട അവസ്ഥയിലാണെന്നും, കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ ഇറാനുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കടുത്ത പ്രതിസന്ധികൾ നേരിടുമ്പോഴും അമേരിക്കയുമായി ഒരു കരാറിലെത്താൻ ഇറാൻ പലരോടും അഭ്യർത്ഥിക്കുന്നുണ്ടെന്ന് റൂബിയോ പരിഹസിച്ചു. വാഷിങ്‌ടണും തെഹ്റാനുമായുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ രാജ്യങ്ങളെ തേടി ഇറാൻ അലയുകയാണ്. എന്നാൽ അവരെ സഹായിക്കാൻ പാകത്തിലുള്ള രാജ്യങ്ങളൊന്നും ഇപ്പോൾ ബാക്കിയില്ല. ഒരു കരാറിന് തയാറാകാൻ ഇറാൻ ഇതുവരെയും മാനസികമായി പക്വത പ്രാപിച്ചിട്ടില്ലെങ്കിലും വൈകാതെ തന്നെ അവർ അതിന് നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനിലയിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് റൂബിയോ ഇറാനെതിരെ ആഞ്ഞടിച്ചത്. കരാറുകളോട് യാതൊരു ഗൗരവവും കാണിക്കാത്തവരാണ് ഇറാനിയൻ ഭരണാധികാരികൾ. മുൻപ് പലതവണ ഒപ്പുവെച്ച കരാറുകൾ ലംഘിക്കുകയും അതിൽ മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്ത ചരിത്രമാണ് അവർക്കുള്ളത്. തങ്ങൾ ഉണ്ടാക്കുന്ന കരാറുകൾ പാലിക്കാൻ തയാറാകാത്ത ആളുകളുമായി പുതിയൊരു ധാരണയിലെത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് അബ്ബാസ് അരാഗ്‌ചി രംഗത്തെത്തിയത്. രാജ്യത്തെ സിവിലിയൻ സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ‘കണ്ണിന് കണ്ണ്’ എന്ന രീതിയിൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ യു.എസ് സഖ്യകക്ഷികളുടെ എണ്ണ വിൽപനയും തടസ്സപ്പെടുത്തുമെന്ന കർശന നിലപാടിലാണ് നിലവിൽ ഇറാൻ.

Also read: