‘ടിക്കറ്റിനൊപ്പം ബെഡ്ഷീറ്റും ഫ്രീയാണോ?’; റെയിൽവേയുടെ ബെഡ്ഷീറ്റ് പുതച്ച് മാർക്കറ്റിൽ യുവാക്കൾ; തമാശയ്ക്കൊപ്പം മോഷണത്തിനെതിരെ രൂക്ഷവിമർശനവും
ഇന്ത്യൻ റെയിൽവേയുടെ ബെഡ്ഷീറ്റുകൾ വസ്ത്രം പോലെ പുതച്ച് മാർക്കറ്റിൽ നിൽക്കുന്ന മൂന്ന് യുവാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നതിനൊപ്പം വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. വെസ്റ്റേൺ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന വെള്ള ബെഡ്ഷീറ്റുകളാണ് ഇവർ ഷാൾ പോലെ ദേഹത്ത് പുതച്ചിരിക്കുന്നത്. ഈ ബെഡ്ഷീറ്റുകളിൽ ‘വെസ്റ്റേൺ റെയിൽവേ’ എന്ന് ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ പതിപ്പിച്ചിട്ടുള്ളത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തീർത്തും അപ്രതീക്ഷിതമായ ഈ കാഴ്ച കണ്ട് ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ ബെഡ്ഷീറ്റ് കൂടി സൗജന്യമായി ലഭിക്കുമോ എന്നാണ് ദൃശ്യങ്ങൾ കണ്ടവർ പരിഹാസരൂപേണ ചോദിക്കുന്നത്.
“ടിക്കറ്റിനൊപ്പം ബെഡ്ഷീറ്റും ഫ്രീയാണോ?” എന്ന ഒരു കമന്റാണ് ഇന്റർനെറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ട്രെയിൻ യാത്രകളിലെ ഒരു അവശ്യവസ്തുവിനെ ഇവർ തങ്ങളുടെ പുതിയൊരു ഫാഷൻ സ്റ്റേറ്റ്‌മെന്റാക്കി മാറ്റിയോ എന്നാണ് പലരും തമാശയായി ചോദിക്കുന്നത്.
എന്നാൽ ഈ രസകരമായ ദൃശ്യങ്ങൾക്ക് പിന്നിലെ ഗൗരവമേറിയ വിഷയവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. എക്സിൽ ‘ജെംസ് ഓഫ് റെയിൽവേ’ എന്ന അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ട ഈ വീഡിയോ വൈറലായതോടെ ആളുകളുടെ പൗരബോധമില്ലായ്മയെയും പൊതുമുതൽ മോഷ്ടിക്കുന്ന ശീലത്തെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. റെയിൽവേയുടെ സ്വത്ത് മോഷ്ടിച്ച് പരസ്യമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് സിംഗപ്പൂർ പോലെയുള്ള രാജ്യങ്ങളിലേതിന് സമാനമായി കർശനമായ ശിക്ഷ നൽകണമെന്നും പലരും അഭിപ്രായപ്പെട്ടു.
ഇത്തരം മോഷണങ്ങൾ ഒഴിവാക്കാൻ എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന കിറ്റുകൾക്ക് ആയിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കണമെന്നും, സാധനങ്ങൾ തിരികെ നൽകുമ്പോൾ മാത്രം ഈ തുക മടക്കിനൽകുന്ന സംവിധാനം റെയിൽവേ കൊണ്ടുവരണമെന്നും ചിലർ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ട്രെയിനുകളിൽ നിന്നുള്ള മോഷണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളും വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. വിവരാവകാശ രേഖകൾ പ്രകാരം 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ 1.27 കോടിയിലധികം ബെഡ്റോൾ സാധനങ്ങളാണ് ഇന്ത്യൻ റെയിൽവേയിൽ നിന്നും മോഷണം പോയത്. ഇതിലൂടെ റെയിൽവേയ്ക്ക് 104.51 കോടിയിലധികം രൂപയുടെ ഭീമമായ നഷ്ടമാണുണ്ടായത്. ഏകദേശം 46.54 ലക്ഷം ഫെയ്‌സ് ടവലുകൾ, 41.13 ലക്ഷം ബെഡ്ഷീറ്റുകൾ, 23.59 ലക്ഷം തലയണക്കവറുകൾ, 12.95 ലക്ഷം പുതപ്പുകൾ, 2.76 ലക്ഷം തലയണകൾ എന്നിവയാണ് ഈ ചുരുങ്ങിയ കാലയളവിൽ മാത്രം യാത്രക്കാർ ട്രെയിനുകളിൽ നിന്നും മോഷ്ടിച്ചുകൊണ്ടുപോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങുന്ന ഇത്തരം സാധനങ്ങൾ മോഷ്ടിച്ച് ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത വലിയൊരു മാനസിക പ്രശ്നമാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.