04/09/2026
[fontresizer_tawhidurrahmandear_widget]

‘രണ്ട് ട്രെയിനുകളിലായി ഒഴുകിയെത്തിയത് ആയിരങ്ങൾ; വൈദ്യുതി കമ്പി പൊട്ടിവീണെന്ന് അഭ്യൂഹം’; ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 ഭക്തർക്ക് ദാരുണാന്ത്യം

 ‘രണ്ട് ട്രെയിനുകളിലായി ഒഴുകിയെത്തിയത് ആയിരങ്ങൾ; വൈദ്യുതി കമ്പി പൊട്ടിവീണെന്ന് അഭ്യൂഹം’; ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 ഭക്തർക്ക് ദാരുണാന്ത്യം

ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർക്ക് ദാരുണാന്ത്യം. കൂടുതലും സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്‌ച ജലാഭിഷേകം നടത്താനായി എത്തിയ അമ്പതിനായിരത്തിലധികം ഭക്‌തരാണ് അപകട സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 6.30നും 6.45നും ഇടയിൽ ക്ഷേത്രത്തിന് അടുത്തുള്ള അശോക് ധാം റെയിൽവേ സ്‌റ്റേഷനിൽ രണ്ട് ട്രെയിനുകളിലായി ആയിരക്കണക്കിനു ഭക്തർ ഒരുമിച്ചെത്തിയതോടെയാണ് പ്രദേശത്ത് അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടതെന്ന് ലഖിസരായി ജില്ലാ മജിസ്ട്രേട്ട് ശൈലേന്ദ്ര കുമാർ പറഞ്ഞു.

അശോക് ധാം റെയിൽവേ സ്റ്റേഷനെയും ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോഡിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കേബിൾ വയർ പൊട്ടിവീണതിനെത്തുടർന്ന് ലൈവ് കറന്റുള്ള ഇലക്ട്രിക് പോസ്റ്റാണ് തകർന്നുവീണതെന്ന രീതിയിൽ ഭക്തർക്കിടയിൽ അഭ്യൂഹം പടർന്നതാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. ഷോക്കടിക്കുമെന്ന് ഭയന്ന് ആളുകൾ പലവഴിക്ക് ഓടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വെച്ചിരുന്ന ബാരിക്കേഡുകൾ തകരുകയും ഭക്തർ പരസ്‌പരം മുകളിലേക്ക് വീഴുകയുമായിരുന്നു.

പരിഭ്രാന്തരായ ജനക്കൂട്ടം തൊട്ടടുത്തുള്ള സ്ത്രീകളുടെ വരിയിലേക്ക് തള്ളിക്കയറിയതാണ് സ്ത്രീകൾക്ക് കൂടുതലായി പരിക്കേൽക്കാൻ കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. വൻ ജനത്തിരക്ക് മുൻകൂട്ടി കണ്ട് ജില്ലാ ഭരണകൂടം ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.

സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ലഖിസരായിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി കടുത്ത ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഭരണകൂടത്തിന് കർശന നിർദേശം നൽകി. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Also read: